തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങളിൽ കൊണ്ടുവരാനിരുന്ന തിരുത്തലുകളിൽ ചിലത് കരിക്കുലം സബ് കമ്മിറ്റി തള്ളി. ഒമ്പത്, പത്ത് ക്ലാസുകളിലെ സാമൂഹിക ശാസ്ത്രത്തിൽ മാറ്റത്തിനുള്ള നിർദേശം വീണ്ടും പരിശോധനക്ക് വിധേയമാക്കും. രചയിതാക്കളുടെ പേര് പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കാനും ശിപാർശയുണ്ട്. ചില പാഠഭാഗങ്ങൾ ഒഴിവാക്കാനും ചിലത് കൂട്ടിച്ചേർക്കാനുമാണ് സമിതി ശിപാർശ.
ഒമ്പതാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ കെ.എം. മാത്യുവിെൻറ ആത്മകഥയായ എട്ടാമത്തെ മോതിരത്തിലെ ‘ജീവിതം ഒരു പ്രാർഥന’ ഭാഗം ഒഴിവാക്കാനുള്ള ശിപാർശ കരിക്കുലം സബ്കമ്മിറ്റി തള്ളി. ഒമ്പത്, പത്ത് ക്ലാസുകളിലെ സാമൂഹിക ശാസ്ത്രത്തിൽ അധികവായനക്കുള്ള ഭാഗങ്ങൾ ഒഴിവാക്കാനുള്ള നിർദേശം പുനഃപരിശോധിക്കും. പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിൽ ചെമ്പകരാമൻപിള്ള, വി.പി. മേനോൻ, വിക്രംസാരാഭായ്, കുഞ്ഞാലിമരക്കാർ, ചേറ്റൂർ ശങ്കരൻനായർ എന്നിവരെ കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കംചെയ്യാനും ശിപാർശയുണ്ടായിരുന്നു. കുളച്ചൽ യുദ്ധം, കുണ്ടറ വിളംബരം, പടപ്പാട്ടുകൾ, ലാറ്റിനമേരിക്കൻ വിപ്ലവം എന്നിവയെക്കുറിച്ചുള്ള ലഘുകുറിപ്പുകളും ഒഴിവാക്കാൻ ശിപാർശയുണ്ടായിരുന്നു. കേരളത്തിലെ ആദ്യചരിത്രഗ്രന്ഥം എന്നറിയപ്പെടുന്ന സൈനുദ്ധീൻ മഖ്തൂമിെൻറ തുഹ്ഫത്തുൽ മുജാഹിദീനെക്കുറിച്ചുള്ള കുറിപ്പ് വെട്ടിച്ചുരുക്കാനും ഖാദി മുഹമ്മദിെൻറ ഫത്ഹുൽ മുഇൗനെ കുറിച്ചുള്ള കുറിപ്പ് നീക്കാനും ശിപാർശയുണ്ടായിരുന്നു.
യോഗപഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള നിർദേശത്തിലും എതിർപ്പുണ്ട്. കരിക്കുലം കമ്മിറ്റി അംഗം എ.കെ. അബ്ദുൽ ഹകീം ആണ് എതിർത്തത്. കേരള ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള ബോധപൂർവ ശ്രമമാണ് തിരുത്തലുകളുടെ മറവിൽ നടക്കുന്നതെന്ന ആരോപണവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.