തലശ്ശേരി: തലശ്ശേരി ജില്ല കോടതി ബോംബിട്ട് തകർക്കുമെന്നും വനിത വക്കീലിന്റെ തല തെറിപ്പിക്കുമെന്നും പോസ്റ്ററിലൂടെ ഭീഷണി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് പുറത്തെ ചുമരിലാണ് വെള്ളിയാഴ്ച വൈകീട്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ഫാമിലി കൗൺസിലിങ്ങിനിടയിൽ മര്യാദയില്ലാതെ ആണുങ്ങളുടെ മെക്കിട്ട് കേറുന്ന വനിത വക്കീലിന്റെ തല തെറിപ്പിക്കുമെന്നാണ് പോസ്റ്ററിലെ വരികളുടെ തുടക്കം. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് ശൗചാലയ ഭാഗത്തെ ചുമരിലാണ് കടലാസിൽ എഴുതിയ പോസ്റ്റർ പതിച്ചിട്ടുള്ളത്.
തലശ്ശേരി പൊലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും എത്തി സ്ഥലത്ത് പരിശോധന നടത്തി. കടലാസിൽ പേന ഉപയോഗിച്ച് എഴുതിയ വരികളിൽ കോടതിയെയും ഭരണകൂടത്തെയും വക്കീലിനെയും അസഭ്യത്തോടെയാണ് വിമർശിക്കുന്നത്. കുടുംബ കോടതിയിലെ ഒരു വ്യവഹാരവുമായി ബന്ധപ്പെട്ട് കക്ഷിയും അഭിഭാഷകനുമായി തർക്കമുണ്ടായിരുന്നത്രെ.
ഇതാകാം ഭീഷണിക്ക് പിറകിലെന്ന് സംശയിക്കുന്നു. പോരാട്ടം എന്ന പേരിലാണ് പോസ്റ്ററിലെ വരികൾ അവസാനിക്കുന്നത്. എന്നാൽ, മാവോവാദി സംഘടനകളമായി പോസ്റ്ററ്റിന് ബന്ധമുണ്ടെന്നുള്ള സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. കോടതി അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.