തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതക കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മയക്കുമരുന്ന് വിൽപന ചോദ്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സി.പി.എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ പൂവനാഴി ഷമീർ (45), ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52) എന്നിവരെ ലഹരി മാഫിയ കുത്തിക്കൊന്നെന്നാണ് കേസ്. ക്രൈംബ്രാഞ്ച് എ.സി.പി കെ.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.
കേസിൽ ഏഴുപേരെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ടിലെ തേരേക്കാട്ടിൽ ഹൗസിൽ അരുൺകുമാർ (38), പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തശേഷം തിങ്കളാഴ്ച വൈകീട്ട് കോടതിയിൽ തിരികെ ഹാജരാക്കി.
23ന് വൈകീട്ട് തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിക്ക് മുന്നിലായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. ലഹരിവിൽപന പൊലീസിനെ അറിയിച്ച വിരോധത്തിൽ പ്രതികൾ സംഘം ചേർന്ന് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. നെട്ടൂർ ചിറക്കക്കാവ് വെള്ളാടത്ത് ഹൗസിൽ സുരേഷ്ബാബു എന്ന പാറായി ബാബു (47), ചിറക്കക്കാവിനടുത്ത മുട്ടങ്കൽ ഹൗസിൽ ജാക്സൺ വിൻസൺ (28), നെട്ടൂർ നമ്പ്യാർ പീടിക വണ്ണത്താൻ വീട്ടിൽ കെ. നവീൻ (32), വടക്കുമ്പാട് പാറക്കെട്ട് സഹറാസിൽ മുഹമ്മദ് ഫർഹാൻ (29), പിണറായി പടന്നക്കര വാഴയിൽ ഹൗസിൽ സുജിത് കുമാർ (45) എന്നിവരാണ് ഒന്നു മുതൽ അഞ്ചുവരെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.