കൊച്ചി : മലപ്പുറം ജില്ലയിലെ വെറ്റിലക്കൊല്ലിയിൽ നിന്ന് പാലക്കയത്തേക്ക് ആദിവാസികളെ മാറ്റിപ്പാർപ്പിക്കാൻ അനുവദിച്ച 2.66 കോടി രൂപ വിനിയോഗിച്ചില്ലെന്ന് അക്കൗണ്ടൻറ് ജനറലിൻറ (എ.ജി) റിപ്പോർട്ട്. ചാലിയാര്‍ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി കോളനിയിലെ ആദിവാസികളെ പാലക്കയം കോളനിക്ക് സമീപമുള്ള വനമേഖലയിലേക്ക് പുനരധിവസിപ്പിക്കാന്‍ 2.66 കോടിയുടെ പാക്കേജിന് അംഗീകാരം നൽകിയത് 2014 ഒക്ടോബർ 21നാണ്. ഉത്തരവ് പ്രകാരം പാലക്കയത്ത് കണ്ടെത്തിയ എട്ട് ഹെക്ടർ (20 ഏക്കർ) വനഭൂമിയിൽ രണ്ട് ഹെക്ടർ സ്ഥലത്ത് ആദിവാസി കോളനി സ്ഥാപിക്കാനുമുള്ള പദ്ധതി അംഗീകരിച്ചു.
2006-ലെ വനാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പുനരധിവാസത്തിനും പാക്കേജിനും ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഗ്രാമസഭകളുടെ സമ്മതം രേഖാമൂലം നേടി. ഗ്രൂപ്പ് സ്കെച്ചും വ്യക്തിഗത സ്കെച്ചും തയാറാക്കാൻ നിലമ്പൂരിലെ റീ-സർവേ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. മാറ്റിപ്പാർപ്പിക്കാനായി കണ്ടെത്തിയ ഭൂമിയും പ്ലോട്ടുകളും റീ-സർവേ സൂപ്രണ്ട് സ്കെച്ച് തയാറാക്കുന്ന ജോലി പൂർത്തിയാക്കി. അതിനായി 1.34 ലക്ഷം രൂപയും ചെലവഴിച്ചു.
പുനരധിവാസി കേന്ദ്രത്തിൽ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കാൻ ജില്ലാ നിർമിതി കേന്ദ്രം 2017 ജൂലൈ 20ന് 20.20 ലക്ഷം രൂപയുടെ വിശദമായ എസ്റ്റിമേറ്റ് സമർപ്പിച്ചു. 25 വീടുകൾ നിർമ്മിക്കുന്നതിന് 1.50 കോടി രൂപ വീതം വീടൊന്നിന് ആറ് ലക്ഷം രൂപ വീതവും 2018 ജൂലൈ ആറിന് അനുവദിച്ചു. പൊതു സൗകര്യ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് എസ്റ്റിമേറ്റ് തുകയായ 52 ലക്ഷം രൂപ 2019 ഫെബ്രവരി 27ന് അനുവദിച്ചു.
ജില്ലാ നിർമിതി കേന്ദ്രം മുഖേന 1.50 കോടി രൂപ എസ്റ്റിമേറ്റ് ചെലവിൽ വീടുകളുടെ നിർമാണവും 20.20 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയും നടപ്പാക്കുന്നതിന് പ്രോജക്ട് ഓഫീസർക്ക് ഭരണാനുമതി ലഭിച്ചു. 2018 സെപ്റ്റംബർ ഏഴിന് 25 വീടുകളുടെ നിർമ്മാണത്തിനായി കലക്ടറും ജില്ലാ നിർമിതി കേന്ദ്രവും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. 20 ശതമാനം അഡ്വാൻസ് തുക, അതായത് 30 ലക്ഷം രൂപ നിർമിതി കേന്ദ്രത്തിന് അനുവദിക്കുന്നതിന് അനുമതി ലഭിച്ചു. മലപ്പുറം ഐ.ടി.ഡി.പി ഓഫിസ് തുക കൈമാറി.
ഇതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സബ് കളക്ടറുടെ അധ്യക്ഷതയില്‍ പാലക്കയം കോളനിയില്‍ ഊരുകൂട്ടം നടത്തി. 36 കുടുംബങ്ങളെയാണ് പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഉള്‍വനത്തിലെ വെറ്റിലക്കൊല്ലിയില്‍ കഴിയുന്ന 25 കുടുംബങ്ങള്‍ക്കും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 11 കുടുംബങ്ങള്‍ക്കുമാണ് ഭൂമി നൽകുന്നത്. മാതൃകാ അങ്കണവാടി, പൊതുസ്മശാനം, കളിസ്ഥലം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണ് രണ്ടേക്കര്‍ നീക്കിവച്ചിട്ടുള്ളത്. ഒരുവര്‍ഷത്തിനുള്ളില്‍ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലെ കുടുംബങ്ങളെ പാലക്കയം കോളനിക്ക് സമീപമുള്ള വനമേഖലയിൽ പുനരധിവസിപ്പിക്കുന്ന പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചു.
വെറ്റിലക്കൊല്ലി കോളനിയില്‍ വനാവകാശ പ്രകാരം ആദിവാസികള്‍ക്ക് ലഭിച്ചിരുന്ന അതേ ആനുകൂല്യം പാലക്കയത്തേക്ക് മാറുമ്പോഴും ലഭിക്കുമെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഉറപ്പുനല്‍കി. ഇവിടേക്കുള്ള റോഡ് ഇന്റര്‍ലോക്ക് പതിച്ച് നിർമിക്കുമെന്നും അറിയിച്ചു.
എന്നാൽ, വനം വകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തി. നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്റെ അനുമതിക്കായി കത്ത് നൽകിയതായും 2019 ജനുവരി 11ന് മലപ്പുറം ജില്ലാ നിർമിതി കേന്ദ്രം മലപ്പുറം ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറെ അറിയിച്ചു. ഇക്കാര്യം പ്രോജക്ട് ഓഫീസർ നിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ എന്നിവരെ അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അനുമതി ലഭിക്കാത്തതിനാൽ, തുക മറ്റ് പട്ടികവർഗ പദ്ധതികളിലേക്ക് മാറ്റി. അമ്പുമല എസ്.ടി കോളനിയിലേക്ക് വാട്ടർ കണക്ഷന് 87000 രൂപയും മലാച്ചി കോളനിയിലെ പുതിയ വീട് നിർമാണത്തിന് 30.55 ലക്ഷം രൂപയുമാണ് മാറ്റിയത്. പലിശയടക്കം 31.71 ലക്ഷം രൂപയാണ് നിർമിതി കേന്ദ്രത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. ബാക്കി തുകയായ 0.31 ലക്ഷം രൂപ വകുപ്പിന് തിരികെ നൽകി.
1980 ലെ വനസംരക്ഷണ നിയമപ്രകാരം കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് വനഭൂമി വനേതര ആവശ്യത്തിന് ഉപയോഗിക്കാനാവില്ല. പുതുതായി കണ്ടെത്തിയ പാലക്കയത്തെ വനഭൂമിയിലേക്ക് ആദിവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിന് തീരുമാനമെടുക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങേണ്ടതായിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ മുൻകൂർ അനുമതി വാങ്ങാതെ ബജറ്റ് വിഹിതം അനുവദിക്കൽ, വനത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തൽ, ഭൂമി സർവേ, ഗ്രാമസഭയുടെ സന്നദ്ധത, പ്ലോട്ടുകൾ അനുവദിക്കൽ, കരാർ നൽകൽ തുടങ്ങി എല്ലാ നടപടിക്രമങ്ങളും പട്ടികകവർഗ വകുപ്പ് പൂർത്തിയാക്കി. കേന്ദ്ര സർക്കാരിൽനിന്ന് നിന്ന് മുൻകൂർ അനുമതി വാങ്ങാതെയാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
പട്ടികവർഗ വകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ നടപടിക്രമങ്ങളിലെ വീഴ്ച 2.66 കോടി വിനിയോഗിക്കാത്തതിന് കാരണമായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.