ഊരുകൂട്ട ഫണ്ടിന്‍റെ 50 ശതമാനം പോലും വിനിയോഗിച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്

കൊച്ചി: നിലമ്പൂർ ഐ.ടി.ഡി.പിക്ക് കീഴിൽ ഊരുകൂട്ടത്തിന് അനുവദിച്ച ഫണ്ടിന്റെ 50 ശതമാനം പോലും വിനിയോഗിച്ചിട്ടില്ല. ആറ് വർഷമായിട്ടും ഊരുകൂട്ടയോഗങ്ങൾ നടത്താത്ത ഊരുകളുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഊരുകൂട്ടം യോഗങ്ങൾ സമയബന്ധിതമായി നടത്താനാവാത്തത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണ്. ആദിവാസികോട് സംവദിക്കുന്നതിനും ആദിവാസികളുടെ ആവശ്യങ്ങളും ഊരുകളിലെ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനുമാണ് പട്ടികവർഗ വികസന വകുപ്പ് ഊരുകൂട്ടം നടത്തുന്നത്.

നിലമ്പൂർ ഐ.ടി.ഡി.പിയുടെ പരിധിയിൽ വരുന്ന വിവിധ കോളനികളിൽ നടന്ന ഊരുകൂട്ടം യോഗങ്ങളുമായി ബന്ധപ്പെട്ട് എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററുകളും ഫയലുകളുമാണ് അന്വേഷണ സംഘം പരിശോധിച്ചത്. രേഖകൾ പ്രകാരം പലയിട്ടത്തും ഊരുകൂട്ടങ്ങൾ നടത്തിയിട്ട് വർഷങ്ങളായി. ഊർങ്ങാട്ടിരി, ചേക്കുന്ന് അംബേദ്കർ കോളനിയിൽ അവസാനമായി ഊരുകൂടം നടത്തിയത് 2014 ഡിസംബർ-16നാണ്. മറ്റ് ചില കോളനികൾ -കാവനൂർ- തൊണ്ടിയോട് കോളനി-(2017 ജൂലൈ 10), കരിമ്പ് കോളനി (2018 ഡിസംബർ-18), മമ്പാട്- വടപുരം കോളനി- (2018 നവംമ്പർ-16), എടവണ്ണ- ഓടമ്പപ്പാറ കോളനി- (2019 ഫെബ്രിവരി -21), ഈന്തുമ്പാലി കോളനി-(2019 സെപ്റ്റംബർ 24), മഞ്ചേരി -ആലുക്കാപ്പറമ്പ് കോളനി- (2018 ഫെബ്രുവരി 27) എന്നിങ്ങനെയാണ്.

2001ൽ ആദിവാസികൾ സെക്രട്ടേറിയറ്റിന് മുന്നിൽ കുടിൽകെട്ടി സമരം നടത്തിയതിനെ തുടന്നാണ് സർക്കാർ ഊരുകൂട്ടങ്ങൾ നടത്താൻ പ്രത്യേക ഫണ്ട് അനുവദിച്ച് തുടങ്ങിയത്. ഒരർഥത്തിൽ ആദിവാസികളുടെ ഗ്രമസഭയാണത്. എല്ലാ ആദിവാസി കോളനികളിലും യോഗം ചേരണം. ആദിവാസികളുടെ സാമൂഹിക -സാമ്പത്തിക നിലമെച്ചപ്പെടുത്തുകയാണ് ഊരുകൂട്ടങ്ങൾ ചേരുന്നതിന്‍റെ ലക്ഷ്യം. പട്ടികവർഗ വകുപ്പ് നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ ആദിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഊരുകൂട്ടത്തിന്‍റെ ലക്ഷ്യം. ആദിവാസികൾക്ക് ജീവിത പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള ജനാധിപത്യവേദിയാണിത്. വകുപ്പിന്‍റെ മാർഗനിർദ്ദേശങ്ങൾ പ്രാകരം മൂന്ന് മാസത്തിലൊരിക്കൽ ഊരുകൂട്ട യോഗങ്ങൾ നടത്തണം. ആദിവാസി സെറ്റിൽമെന്‍റുകളിൽ ഊരുകൂട്ട യോഗങ്ങൾ നടത്തുന്നതിന് ഒരു യോഗത്തിന് 2,500 രൂപ വരെ സർക്കാർ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

സമയബന്ധിതമായി ഊരുകൂട്ടം യോഗങ്ങൾ നടത്താത്തത് ഡയറക്ടറേറ്റ് നൽകിയ ഊരുകൂട്ട മാർഗ നിർദ്ദേശങ്ങളുടെ ലംഘനമാണ്. ആദിവാസികളുടെ വിവിധ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിലും അതുവഴി മെച്ചപ്പെട്ട സേവനം അവർക്ക് എത്തിക്കുന്നതിലും അവരുടെ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഊരുകൂട്ടങ്ങൾ നടത്തുന്നത്. ദീർഘകാലം ഊരുകൂട്ടങ്ങൾ നടത്താത്തത് ഉദ്ദേശിച്ച ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തി. ഇക്കാര്യം അന്വേഷണം സംഘം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറോട് ചൂണ്ടിക്കാണിച്ചു.

നിലമ്പൂരിലെ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസിൽ പരിശോധന നടത്തിയ സംഘത്തിന് ഊരുകൂട്ടങ്ങളുടെ വിനിയോഗ സർട്ടിഫിക്കറ്റുകൾ കണ്ടെത്തനായില്ല. ഊരുകൂട്ടം യോഗങ്ങളുടെ പ്രത്യേക ഫണ്ട് വിനിയോഗം സംബന്ധിച്ച് സമയബന്ധിതമായ റിപ്പോർട്ടുകൾ ഡയറക്ടറേറ്റിന് നൽകേണ്ടതാണ്. എന്നാൽ, അനുവദിച്ച ഫണ്ടിന്റെ വിനിയോഗ സർട്ടിഫിക്കറ്റും ചെലവ് വിശദാംശങ്ങളും നൽകണമെന്ന് ഡയറക്ടറേറ്റ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രോജക്ട് ഓഫീസർ അത് നൽകിയിട്ടില്ല. തുടർന്നുള്ള സാമ്പത്തിക വർഷം അവസാനിച്ചിട്ടും 2019-20 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ച തുക നൽകാത്തത് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവുകളുടെ ലംഘനമാണ്.

പട്ടികവർഗ ഡയറക്ടറുടെ 2019 മെയ് ആറിലെ ഉത്തരവ് പ്രകാരം, 2019- സാമ്പത്തിക വർഷത്തിൽ ഊരുകൂട്ട യോഗങ്ങൾ നടത്തുന്നതിനുള്ള ചെലവിനായി രണ്ട് ലക്ഷം രൂപ നിലമ്പൂരിലെ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർക്ക് അനുവദിച്ചു. പ്രോജക്ട് ഓഫീസർ/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എന്നിവർ നിലവിലുള്ള മാർഗനിർദ്ദേശങ്ങളും ചട്ടങ്ങളും അനുസരിച്ച് ഊരുകൂട്ടം യോഗങ്ങൾ നടത്താൻ അനുവദിച്ച തുക വിനിയോഗിക്കണമെന്ന് ഉത്തരവിൽ വ്യവസ്ഥ ചെയ്തിരുന്നു. ഉത്തരവനുസരിച്ച്, അനുവദിച്ച ഫണ്ടിന്റെ വിനിയോഗത്തിന്റെ വിശദാംശങ്ങളും നടത്തിയ യോഗങ്ങളും എണ്ണവും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഡയറക്ടറേറ്റിന് സമർപ്പിക്കണം. 2019 ആഗസ്റ്റ് മാസത്തെ കനത്ത മഴയെത്തുടർന്ന് നിലമ്പൂർ ഐ.ടി.ഡി.പിയുടെ പരിധിയിലുള്ള ചില ആദിവാസി മേഖലകൾ വെള്ളപ്പൊക്കത്തിൽ സാരമായി ബാധിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത്, 2019 ഓഗസ്റ്റ് ഒമ്പതിലെ ഉത്തരവ് പ്രകാരം, പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾക്കായി ഊരുകൂട്ടിന് അനുവദിച്ച ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ വരെ വിനിയോഗിക്കാൻ ഡയറക്ടർ അനുമതി നൽകി.

പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാമെന്നും, തുടർന്ന് ഫണ്ട് അനുവദിക്കാമെന്നും ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. ഫണ്ട് വിനിയോഗം സംബന്ധിച്ച റിപ്പോർട്ടുകൾ ഡയറക്ടറേറ്റിന് അയക്കണമെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്തു. അതോടൊപ്പം, പ്രോജക്ട് ഓഫീസർ 2019 ഓഗസ്റ്റ് 19ലെ കത്തിൽ, ഊരുകൂട്ടം യോഗങ്ങളും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നതിന് മൂന്ന് ലക്ഷം രൂപ അധിക സഹായത്തിനായി ആവശ്യപ്പെട്ടു. പിന്നീട് ഡയറക്ടർ അതിനും അനുമതി നൽകി. 2019 സെപ്റ്റംബർ നാലിന് മൂന്ന് ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുക ചെലവഴിക്കുന്നതിന് പുറമെ യോഗങ്ങളും സെമിനാറുകളും നടത്താനും തുക വിനിയോഗിക്കണമെന്നും ഉത്തരവിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിരുന്നു. എന്നിട്ടും ഊരുകൂട്ടം യോഗങ്ങൾ നടന്നില്ല.

Tags:    
News Summary - The audit report states that not even 50 per cent of the funds to oorukoottam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.