തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുമെന്നും അത് ഭരണഘടനപരമായ തന്‍റെ ബാധ്യതയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയുടെ കൺകറന്‍റ് പട്ടികയിൽ ഉൾപ്പെടുന്ന വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാറുമായി ചർച്ച ചെയ്താണ് പുതിയ നിയമം കൊണ്ടുവരേണ്ടത്. ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ പ്രശ്നമില്ല. കൺകറന്‍റ് പട്ടികയിൽപെട്ട വിഷയത്തിൽ പുതിയ നിയമനിർമാണം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപെടുത്തേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്. വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ അല്ലായിരുന്നെങ്കിൽ ചാൻസലർ ബിൽ എന്‍റെ കൈവശം വരുന്ന നിമിഷം തന്നെ ഒപ്പിട്ടുനൽകുമായിരുന്നുവെന്ന് ഗവർണർപറഞ്ഞു.
സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടലിനില്ല. അതിന് എനിക്ക് സമയവുമില്ല. ഭരണഘടനയും നിയമവുമനുസരിച്ച് സംസ്ഥാന സർക്കാറിന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നെന്ന് ഉറപ്പാക്കുക മാത്രമാണ് എന്‍റെ ജോലി. നിലവിലെ നിയമമനുസരിച്ച് കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ഉയർത്തിയ എല്ലാ അഭിപ്രായങ്ങളും സുപ്രീംകോടതി ശരിവെച്ചിരിക്കുകയാണ്. സെലക്ഷൻ കമ്മിറ്റിയെക്കുറിച്ച്, സെലക്ഷൻ പാനലിലെ അംഗങ്ങളുടെ എണ്ണം സംബന്ധിച്ച്, കണ്ണൂർ യൂനിവേഴ്സിറ്റി എന്നീ വിഷയങ്ങളിൽ ഞാൻ ഉയർത്തിയ ചോദ്യങ്ങൾ സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. ഇനി സർക്കാറാണ് തീരുമാനിക്കേണ്ടത്. അവർക്ക് സുപ്രീംകോടതിയുടെ ഉത്തരവ് മാനിക്കാം. അല്ലെങ്കിൽ ഉത്തരവ് മറികടക്കാൻ നിയമം കൊണ്ടുവരാം. നിലവിലെ നിയമപ്രകാരം സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കണോ, നിയമം മാറ്റിയെഴുതണോ എന്ന് സർക്കാറിന് തീരുമാനിക്കാം. നിയമം തിരുത്താൻ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനുള്ള അധികാരത്തിൽ ഗവർണർ കൈകടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന്‍റെ പെൻഷൻ പ്രശ്നം വീണ്ടുമുയർത്തി ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. ‘‘രണ്ടു വർഷത്തെ സർവിസ് മാത്രമുള്ള മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുന്നതിന്‍റെ പ്രശ്നം ഞാൻ ഉന്നയിച്ചു. വിഷയം ആരും ഏറ്റെടുത്തില്ല. ആരും മിണ്ടാത്തതിന്‍റെ കാരണം മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം അനധികൃതമാണെന്ന് വിധി വന്നതായും ഗവർണർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.