തൃശൂർ: തൃശൂർ പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പെരുവനം കുട്ടൻ മാരാർ. തനിക്ക് ദേവസ്വം ബോർഡ് തീരുമാനത്തിൽ പരാതിയില്ല. തൃശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം. മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാനായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
പാറമേക്കാവ് ദേവസ്വവുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് പെരുവനത്തിന് പ്രമാണി സ്ഥാനം നഷ്ടമാകുന്നതിലേക്ക് വഴിതെളിച്ചത്. കഴിഞ്ഞ ദിവസം പാറമേക്കാവ് വേലക്ക് പെരുവനമായിരുന്നു മേളപ്രമാണി. ഈ സമയത്ത് പെരുവനം അദ്ദേഹത്തിന്റെ മകനെ കൂടി ഒപ്പം കൂട്ടിയിരുന്നു. മേളയുടെ മുൻനിരയിൽ മകനെ പെരുവനം നിർത്തി. എന്നാൽ, ദേവസ്വം പട്ടികയിൽ മകന്റെ പേരുണ്ടായിരുന്നില്ല. ഇവർ ഇടപെട്ട് ഇദ്ദേഹത്തെ പിൻനിരയിലേക്ക് മാറ്റി. തുടർന്ന് പെരുവനം കുട്ടൻമാരാർ ചെണ്ട താഴെ വെക്കുന്ന സാഹചര്യമുണ്ടായി. പിന്നീട് അദ്ദേഹം ചെണ്ട കൊട്ടി മേളം പൂർത്തിയാക്കി.
എന്നാൽ, ഈ നടപടിയിൽ ദേവസ്വം ബോർഡിന് വലിയ അതൃപ്തിയുണ്ടായി. തുടർന്നാണ് ഇന്നലെ ദേവസ്വം ബോർഡ് യോഗം ചേർന്നത്. എന്നാൽ മകനെ കൊട്ടിച്ചതല്ല തന്നെ നീക്കാൻ കാരണമെന്ന് പെരുവനം പ്രതികരിച്ചു. മകനെ കൊട്ടിച്ചത് ദേവസ്വമാണ്. മകനെ കൊട്ടിച്ചതിനാണ് മാറ്റമെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ വർഷം മകനെ മേളമുൻ നിരയിൽ എത്തിച്ചത് ദേവസ്വമാണെന്നും പെരുവനം കുട്ടൻ മാരാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.