പൊന്നാനി: ലൈസൻസില്ലാത്ത ഡ്രൈവറുമായി ഭാരതപ്പുഴയിൽ യാത്ര നടത്തിയ ഉല്ലാസ ബോട്ടിന്റെ ലൈസൻസ് തുറമുഖ വകുപ്പ് റദ്ദാക്കി. പൊന്നാനിയിൽ സർവിസ് നടത്തുന്ന ‘സുൽത്താൻ’ ബോട്ടിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഉല്ലാസ ബോട്ടുകളിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.
കോഴിക്കോട് പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഹരി വാര്യരുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. ലൈസൻസുള്ള ഡ്രൈവർ അവധിയിലായതിനെ ത്തുടർന്ന് പകരം ലൈസൻസില്ലാത്ത ഡ്രൈവർ യാത്രക്കാരെയും കൊണ്ട് സർവിസ് നടത്തുന്നതിനിടെയാണ് തുറമുഖ വകുപ്പ് അധികൃതർ പിടികൂടിയത്.
താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനിയിലെ ഉല്ലാസ ബോട്ട് സർവിസ് നിർത്തിവെച്ചിരുന്നു. തുടർന്ന് എല്ലാ രേഖകളും ഹാജരാക്കിയ ചില ബോട്ടുകൾക്ക് മാത്രമാണ് യാത്ര അനുമതി നൽകിയത്. എന്നാൽ സർവിസ് പുനരാരംഭിച്ചതോടെ നിയന്ത്രണങ്ങളും ചട്ടങ്ങളും മറികടക്കുന്നുണ്ടെന്നാണ് ആരോപണം. യാത്രക്കാരുടെ ജീവന് വിലകൽപിക്കാത്ത ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമാക്കണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.