തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പാരിസ്ഥിതിക വശങ്ങൾ സൂക്ഷ്മ പരിശോധന നടത്തുന്നതിനായി ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച വിദഗ്ധ സമിതി പദ്ധതി പ്രദേശവും സമീപ തീരങ്ങളും സന്ദർശിച്ചു. തുറമുഖ നിർമാണ ഘട്ടത്തിലെ പാരിസ്ഥിതിക സാഹചര്യങ്ങളും സംഘം വിലയിരുത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു സന്ദർശനം. തുറമുഖ നിർമാണ മേഖലയിലും സമീപ തീരങ്ങളിലും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയും മത്സ്യ സമ്പത്ത് സംബന്ധിച്ച് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും നടത്തുന്ന പഠനങ്ങൾ വിദഗ്ധ സമിതി വിലയിരുത്തി.
തുറമുഖ പദ്ധതിയുടെ ഭാഗമായി പ്രദേശവാസികൾക്കായി ചെയ്തുവരുന്ന വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ സമിതി അംഗങ്ങൾ വിലയിരുത്തുകയും ഗുണഭോക്താക്കളുമായി സംവദിക്കുകയും ചെയ്തു. തുറമുഖ നിർമാണത്തിന്റെ ഭാഗമായി 10 കിലോമീറ്റർ തെക്കും വടക്കുമുള്ള തീരപ്രദേശം നിരന്തരമായി നിരീക്ഷിക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുള്ളത്.
എന്നാൽ, ശംഖുംമുഖം, വലിയതുറ ഉൾപ്പെടെയുള്ള തീരങ്ങളും ഇവിടങ്ങളിൽ ഇപ്പോൾ രൂപപ്പെട്ട് വരുന്ന തീരങ്ങളും വിദഗ്ധ സമിതി പരിശോധിച്ചു. 2000 മുതലുള്ള തീരവ്യതിയാന റിപ്പോർട്ടുകൾ പരിശോധിച്ച് പോർട്ട് തുറമുഖ നിർമാണത്തിനു മുമ്പും ശേഷവുമുണ്ടായ സാഹചര്യങ്ങളും കാലാവസ്ഥ വ്യതിയാനവുമടക്കം മറ്റ് കാരണങ്ങളും ഡേറ്റയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.