തൊടുപുഴ: ഒരുകാലത്ത് നാടിന്റെ അടയാളമായിരുന്നു 99ലെ പ്രളയം. എന്ത് സംഭവമുണ്ടായാലും പഴമക്കാരൊക്കെ, ജനനവും മരണവും വിവാഹവും എല്ലാം ആ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളുമായി കൂട്ടിച്ചേർത്തിരുന്നു. കൊല്ലവർഷം 1099 ലായതിനാലാണ് 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നത്. 2018ലെ വെള്ളപ്പൊക്കക്കാലത്ത് പോലും 99ലെ വെള്ളപ്പൊക്കം ചർച്ചയായിരുന്നു. നാടിനെ ഇല്ലാതാക്കിയ പ്രളയമായിരുന്നു അത്. 1924 ജൂലൈ 14ന് തുടങ്ങി പത്ത് രാവും പകലും തകർത്തുപെയ്ത മഴയാണ് നാടിനെ മുക്കിയത്.
കേരള സംസ്ഥാനം രൂപപ്പെടും മുമ്പ് സർക്കാർ രേഖകളിൽ മരണങ്ങളും നാശനഷ്ടങ്ങളും തിട്ടപ്പെടുത്താത്ത കാലത്തായിരുന്നു ആ പ്രളയം. ഗസറ്റിലും മറ്റും ചില രേഖപ്പെടുത്തലുകൾ മാത്രം. ആലപ്പുഴ മുഴുവനായും ഇന്നത്തെ എറണാകുളത്തിന്റെ നാലിൽ മൂന്നു ഭാഗവും പ്രളയത്തിൽ മുങ്ങി. പെയ്ത മഴയേക്കാൾ പുഴകളിലൂടെ ഒഴുകിയെത്തിയ വെള്ളമാണ് കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ഉൾപ്പെടെ നാശം സൃഷ്ടിച്ചത്. കുട്ടനാടിന് ഇപ്പോഴത്തെ രൂപംനൽകിയത് അന്നത്തെ വെള്ളപ്പൊക്കമാണെന്ന് പഴമക്കാർ ഓർക്കുന്നു. കൊച്ചിക്ക് പുറമെ മലബാർ, തിരുവിതാംകൂർ മേഖലകളെയും വെള്ളപ്പൊക്കം അങ്ങേയറ്റം ബാധിച്ചു. നൂറുകണക്കിനാളുകൾക്കാണ് ജീവൻ നഷ്ടമായത്. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. ആയിരക്കണക്കിന് മൃഗങ്ങൾ ചത്തു. കൃഷിനാശം കണക്കാക്കാവുന്നതിനും അപ്പുറം.
2018ലെ പ്രളയം ആവർത്തിക്കുമോ എന്ന ഭയമാണ് മഴ കനത്താൽ വർത്തമാനകാലത്ത് നമ്മെ ആശങ്കയിലാക്കുന്നതെങ്കിൽ ഇതിനേക്കാൾ ഭീകരമായൊരു പ്രളയ സാക്ഷ്യമാണ് നൂറുവർഷം മുമ്പത്തെ 99ലെ വെള്ളപ്പൊക്കം. കാരണങ്ങൾ പലതായിരുന്നു. പത്ത് രാവും പകലും തുടർച്ചയായി മഴ തിമിർത്തു പെയ്തു. ശക്തി കുറഞ്ഞ് ആഗസ്റ്റിലേക്കും നീണ്ടു ആ മഴ. ചുഴലിക്കാറ്റും കൂടിയായപ്പോൾ ശരിക്കും ദുരന്തം. അധികം പെയ്ത മഴ 64 ശതമാനം. സമുദ്ര നിരപ്പിൽനിന്ന് 5000 മീറ്റർ ഉയരത്തിലുള്ള മൂന്നാർ 487.5 സെ.മീ. മഴയിൽ മുങ്ങി. 1902ൽ തുടങ്ങിയ രാജ്യത്തെ ആദ്യ മോണോ റെയിൽ (കുണ്ടള-തേനി) പൂർണമായി തകർന്നു. മലയിടിഞ്ഞ് കൊല്ലം-ചെങ്കോട്ട റെയിൽ ഗതാഗതം നിലച്ചു. കൊച്ചി-തൃശൂർ-ഷൊർണൂർ പാത പലയിടത്തും മുറിഞ്ഞു. 1924 ജൂലൈ 14 മുതൽ 20 വരെ പെയ്ത ശരാശരി മഴ 592.3 മി.മീ.
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് 99ലെ വെള്ളപ്പൊക്കം. ഈ ദുരന്തത്തിൽ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചത് മൂന്നാറിനാണ്. സമുദ്രനിരപ്പിൽനിന്ന് 5000-6500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായെന്നത് ഇപ്പോഴും അവിശ്വസനീയം. കനത്ത മഴയിലും ഉരുൾപൊട്ടലിലും മൂന്നാറിൽ ഇപ്പോൾ ഡാം സ്ഥിതിചെയ്യുന്ന മാട്ടുപ്പെട്ടി ഭാഗത്ത് രണ്ട് മലയിടുക്കുകൾ ചേരുന്നിടത്ത് മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും സ്വാഭാവിക ബണ്ട് രൂപപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ രാപകൽ പെയ്ത മഴയിൽ ഉരുൾപൊട്ടലും വെള്ളപ്പാച്ചിലും നാടിനെ വിറപ്പിച്ചു. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാകാതെ ഈ ബണ്ട് തകർന്നു. അണപൊട്ടിയ വെള്ളവും കടപുഴകിയ മരങ്ങളും ചേർന്ന് മൂന്നാർ നഗരത്തെ പൂർണമായി തകർത്തെറിഞ്ഞു. മൂന്നാറിൽ അന്നേ ഉണ്ടായിരുന്ന റെയിൽപാളങ്ങളും റെയിൽവേ സ്റ്റേഷനും റോഡുകളും തകർന്നു. ആറാം ദിവസം മൂന്നാറിൽനിന്ന് 15 കി.മീ. അകലെ പെരിയവര, കന്നിമല ഭാഗത്തുനിന്നുള്ള ഒഴുക്കും ലക്ഷ്മി-പാർവതി മലകളിലെ വെള്ളവും തനിയെ രൂപംകൊണ്ട രണ്ടാമത്തെ ബണ്ടും തകർത്തു. 10 കി.മീ. ചുറ്റളവിൽ പൊങ്ങിയ മലവെള്ളം മൂന്നാർ പട്ടണത്തെ തീർത്തും മുക്കി. രണ്ടാമത്തെ ബണ്ട് തകർത്ത വെള്ളം പള്ളിവാസലിലേക്കും ഒഴുകി. പള്ളിവാസലിൽ നൂറുകണക്കിന് ഏക്കർ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിച്ചു. 150 അടി ഉയരത്തിൽ ഒരു വെള്ളച്ചാട്ടവും പള്ളിവാസലിൽ രൂപപ്പെട്ടു. വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന രണ്ട് ജനറേറ്ററുകളും മണ്ണിൽ മൂടി.
‘മൂന്നാർ’; ‘തപാൽ’ മുടങ്ങിയ കാലം, തകർത്തുപെയ്ത മഴയും ഇടുക്കിയിലെ ഉരുൾ പൊട്ടലും എറണാകുളത്തെയും മുക്കി. അന്ന് മുല്ലപ്പെരിയാർ ഡാം മാത്രമേയുള്ളൂ. കനത്ത മഴയിൽ മുല്ലപ്പെരിയാർ തുറന്നു. മൂന്നാറിന് മുകളിൽ ഉരുൾപൊട്ടലും വെള്ളപ്പാച്ചിലും പലവട്ടമുണ്ടായി. തടികളും മരങ്ങളും ഒഴുകിവന്ന് മാട്ടുപ്പെട്ടിയിൽ ഒരു ചിറ തന്നെയുണ്ടായി. പിന്നെയും കുത്തൊഴുക്കിൽ ഈ ചിറ പൊട്ടി വെള്ളം കുത്തിയൊലിച്ചെത്തിയത് സായിപ്പുമാരുടെ സ്വപ്നഭൂമിയായിരുന്ന മൂന്നാറിനെ തകർത്തു. തീവണ്ടിപ്പാതയും യൂറോപ്യൻ മാതൃകയിലുള്ള നഗരവും നശിച്ചു. ആലുവയിൽനിന്ന് മൂന്നാറിലേക്കുണ്ടായിരുന്ന റോഡ് ഇല്ലാതായി. എറണാകുളത്തെ മാത്രമല്ല, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളെയും വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചു.
അക്കാലത്ത് തപാൽ മുടക്കമായിരുന്നു നാടിന്റെ ആകുലത. ഫോണും കമ്പിത്തപാലുമൊന്നും ഇല്ലാത്ത കാലം. ആകെയുള്ള ആശ്രയം തപാലാണ്. അന്നത്തെ പ്രളയത്തെക്കുറിച്ചുള്ള എല്ലാ വാർത്തയിലും കാണാം, തപാൽ മുടങ്ങിയെന്ന വാചകം. ട്രെയിൻ, വിമാന സർവിസുകൾ മുടങ്ങിയെന്ന് ഇപ്പോൾ പറയുന്നപോലെ. ബസും കാറുമൊന്നുമില്ലാത്ത കാലത്ത് ട്രെയിനും ബോട്ടുമാണ് ആശ്രയം. വെള്ളപ്പൊക്ക കാലത്തെ തിരുവിതാംകൂർ സർക്കാർ വൃത്താന്തത്തിൽ ദുരിതാശ്വാസത്തെക്കുറിച്ച് പറയുന്നതിങ്ങനെ: ‘‘ദിവാൻ പേഷ്കാർ സുബ്രഹ്മണ്യയ്യർ പെരുമ്പാവൂരിലേക്ക് യാത്ര തുടരാനാവാതെ ആലുവയിലെത്തി. അവിടം അതിനുമുമ്പേ വെള്ളത്തിലായിരുന്നു. നഗരസഭ സാമാജികനായ കാദർപിള്ളയുമായി വള്ളങ്ങൾ ശേഖരിച്ച് പ്രാണരക്ഷാസംഘങ്ങളുണ്ടാക്കി. മൂന്നിനു വൈകീട്ട് 5000 ജനങ്ങളെ കമ്പോള മൈതാനത്ത് കൊണ്ടുവന്നു. കച്ചവടക്കാർ ദാനംചെയ്ത അരി വിതരണം ചെയ്തു. റിലീഫ് കമ്മിറ്റിയുണ്ടാക്കി. 1950 ക. പിരിച്ചുകിട്ടി. കാദർപിള്ള മാത്രം 1000 വരിയിട്ടു...’’ -എന്നിങ്ങനെ.
1924ലെ വെള്ളപ്പൊക്കത്തിലും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്നു. അന്നത്തെ സർക്കാർ ഗസറ്റിൽനിന്ന് പറയുന്നത്: ‘‘എറണാകുളം മുനിസിപ്പൽ ചെയർമാൻ പ്രതിദിനം 4000 പേർക്ക് ഭക്ഷണം ദാനംചെയ്ത് മഹനീയമായ ജോലിയാണ് പൂർത്തിയാക്കിയത്. മട്ടാഞ്ചേരിയിലെ ചെയർമാനും തന്റെ പ്രദേശത്തുള്ളവരെ സഹായിച്ചു.
അന്ന് കുട്ടനാട്ടിലെ ഗ്രാമങ്ങളിൽനിന്ന് രക്ഷപ്പെടാൻ വള്ളങ്ങളിലും മറ്റുമായി തുഴഞ്ഞെത്തിയവർക്ക് അഭയമേകിയത് ആലപ്പുഴ നഗരമായിരുന്നു. ആലപ്പുഴ ഗവ. മുഹമ്മദൻ സ്കൂൾ, എസ്.ഡി.വി സ്കൂൾ, സത്രം എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. പലയിടങ്ങളിലും ധനികരുടെയും സമുദായങ്ങളുടെയും നേതൃത്വത്തിൽ ധർമക്കഞ്ഞിയും മറ്റു ഭക്ഷണങ്ങളും അരിയും പലചരക്ക് സാമഗ്രികളും വിതരണംചെയ്തു. ചേന്നങ്കരിയിലെ പള്ളികളുടെയും പള്ളിക്കൂടത്തിന്റെയും ഒട്ടുമുക്കാൽ ഭാഗവും വെള്ളത്തിൽ താഴ്ന്നു. ചേന്നങ്കരി പള്ളിക്കൂടത്തിൽ 50ലധികമാളുകളെ താമസിപ്പിച്ചു. അതിനകത്ത് കഴുത്തറ്റം വെള്ളമുണ്ടെങ്കിലും മുളകൾ വെച്ചുകെട്ടിയും അതിന്റെ പുറമേ വള്ളങ്ങൾ കൊണ്ടുചെന്ന് ഇട്ടുമാണ് താമസിച്ചുവരുന്നത്.
ചെങ്ങന്നൂരിൽ കരകവിഞ്ഞൊഴുകിയ പമ്പാ നദിയിൽക്കൂടി ശവശരീരങ്ങൾ, ഭീമമായ പുരകൾ, തടികൾ, ആന, കടുവ, ആടുമാടുകൾ തുടങ്ങിയവ ഒഴുകിപ്പോകുന്ന കാഴ്ചയാണ് അന്നത്തെ പത്രവാർത്തകളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.