സമരം കെ.എസ്.ആർ.ടി.സിയെ ബാധിക്കുന്നെന്ന് സർക്കാർ; അടച്ചുപൂട്ടാനോ സർക്കാർ വകുപ്പ് ആക്കാനോ ഉദ്ദേശ്യമില്ല

കൊച്ചി: വിവിധ യൂനിയനുകൾ സമരാഹ്വാനം നടത്തുന്നതും സമരം ചെയ്യുന്നതും കെ.എസ്.ആർ.ടി.സിയെ പ്രതികൂലമായി ബാധിക്കുന്നതായി സർക്കാർ ഹൈകോടതിയിൽ. പരിഷ്കാരങ്ങൾ നടപ്പാക്കാൻ ജീവനക്കാർ സഹകരിക്കുന്നില്ല.

നഷ്ടം കുറക്കുന്ന കാര്യത്തിൽ ജീവനക്കാരുടെ സഹകരണമില്ലെങ്കിൽ കൂടുതൽ സഹായം നൽകാനാവില്ല. കെ.എസ്.ആർ.ടി.സി അടച്ചു പൂട്ടാനോ സർക്കാർ വകുപ്പാക്കി മാറ്റാനോ ഉദ്ദേശിക്കുന്നില്ലെന്നും ഗതാഗത അഡീ. സെക്രട്ടറി കെ.എസ്. വിജയശ്രീ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരനായ ആർ. ബാജിയടക്കമുള്ളവർ നൽകിയ ഹരജികളിലാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവും സർക്കാറിന്‍റെ വിശദീകരണവും.

ബി.ഒ.ടി മാതൃകയിൽ കേരള വിനോദസഞ്ചാര വികസന ധനകാര്യ കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) നിർമിച്ചുനൽകിയ കെട്ടിടങ്ങൾ കെ.എസ്.ആർ.ടി.സിക്ക് വലിയ ബാധ്യതയായെന്നും ഇവ പലതും വാണിജ്യ താൽപര്യങ്ങൾക്ക് യോജിച്ചതല്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഇവയുൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ ആസ്തിവകകൾ സർക്കാർ ശരിയായി ഓഡിറ്റ് ചെയ്യണമെന്ന് കോടതി നിർദേശിച്ചു. മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 8532.66 കോടി രൂപ കെ.എസ്.ആർ.ടി.സി സർക്കാറിന് നൽകാനുണ്ടെന്നും പ്രതിവർഷം ബജറ്റിൽ ഉൾപ്പെടുത്തുന്ന 1000 കോടിയിൽ കെ.എസ്.ആർ.ടി.സിയുടെ ചെലവ് പരിമിതപ്പെടുത്തണമെന്നും സർക്കാറിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്നു.

കോർപറേഷനെ ലാഭത്തിലാക്കാനുള്ള ശ്രമത്തോട് യൂനിയനുകളും ജീവനക്കാരും മുഖം തിരിക്കുകയാണ്. ഒരു മാസത്തെ വരവ് 180 കോടിയും ചെലവ് 230 മുതൽ 270 കോടി വരെയുമാണ്. സ്ഥാപനത്തെ ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയിലേക്കെങ്കിലും എത്തിക്കുംവിധം ബാധ്യതകൾ നിയന്ത്രിക്കാൻ കഴയുമോയെന്ന കാര്യം സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിക്കുകയാണെന്നും ഒരു മാസത്തിനകം തീരുമാനമെടുക്കാമെന്നുമായിരുന്നു സർക്കാറിന്‍റെ മറുപടി.

പരിഷ്കാരങ്ങളെ സംശയത്തോടെ മാത്രമേ യൂനിയനുകൾക്ക് കാണാനാവൂവെങ്കിൽ മാനേജ്‌മെന്‍റിന്‍റെ ചുമതല യൂനിയനുകൾ ഏറ്റെടുക്കണമെന്ന് കോടതി പറഞ്ഞു. ജോലി ചെയ്യുന്നത് ശമ്പളത്തിനുവേണ്ടി മാത്രമാകരുത്. ഹരിപ്പാട് ഡിപ്പോയിൽനിന്ന് ആലപ്പുഴ-കരുനാഗപ്പള്ളി റൂട്ടിൽ സർവിസ് നടത്തുന്ന ബസിൽ ജോലി ചെയ്യുന്ന ഗിരി ഗോപിനാഥൻ - താര ദമ്പതികളെ കോടതി മാതൃകയായി ചൂണ്ടിക്കാട്ടി. പുലർച്ച രണ്ടുമണിയോടെ ഡിപ്പോയിലെത്തി വണ്ടി വൃത്തിയാക്കി രാവിലെ അഞ്ചരക്ക് ആദ്യ ട്രിപ് തുടങ്ങും. ബസ് അലങ്കരിച്ച് വൃത്തിയായി കൊണ്ടുനടക്കുന്ന ഇവരെപ്പോലുള്ളവരാണ് മാതൃകയെന്നും ഹൈകോടതി വാക്കാൽ പറഞ്ഞു. 700 ബസുകൾ ജീവനക്കാർ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് ഓടിക്കാനാവുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

സർവിസ് നടത്താൻ യോഗ്യമായ എല്ലാ ബസുകളും ഓടുന്നുണ്ടെന്ന് ഉറപ്പാക്കിയാലേ പ്രതിദിന കലക്ഷനായ എട്ടുകോടി രൂപ ലഭിക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ സഹായിച്ചാൽ ജൂലൈയിലെ ശമ്പളം ആഗസ്റ്റ് 10ന് നൽകാൻ കഴിയുമെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയത് കോടതി രേഖപ്പെടുത്തി.

Tags:    
News Summary - The government says that the strike will affect KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.