കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസ് റദ്ദാക്കണമെന്ന ഒന്നാം പ്രതിയായ നടൻ ദിലീപിന്‍റെ ഹരജി ഹൈകോടതി തള്ളി. ഗൂഢാലോചന കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. കേസ് റദ്ദാക്കാനായില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല.
അന്വേഷണ ഏജൻസിയെ മാറ്റണമെന്ന് ആവശ്യപ്പെടാൻ പ്രതികൾക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയശേഷം ദിലീപ് മറ്റുപ്രതികളായ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുമായി ചേർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. ആലുവയിലെ ഹോട്ടലുടമ ശരത്, സൈബർ വിദഗ്ധൻ സായ്ശങ്കർ എന്നിവരും കേസിലെ പ്രതികളാണ്.
നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാൻ ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതാണ് ഇതെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ചിന്‍റെ നിർദേശപ്രകാരമാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ മാത്രം വധശ്രമക്കേസ് നിലനിൽക്കില്ലെന്നും ദിലീപ് വാദിച്ചു. എന്നാൽ, ദിലീപും മറ്റു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിനെക്കുറിച്ച് പറയുന്നതിന്റെ ശബ്ദരേഖ ബാലചന്ദ്രകുമാർ കൈമാറിയിരുന്നതായി കോടതി പറഞ്ഞു.
ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഗൂഢാലോചനക്കുറ്റം ചുമത്താനാവില്ലെങ്കിലും എഫ്.ഐ.ആർ, പരാതിക്കാരനായ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ റിപ്പോർട്ട്, ബാലചന്ദ്രകുമാറിന്റെ മൊഴികൾ തുടങ്ങിയവ പരിഗണിച്ചാൽ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ 2017 നവംബർ 15ന് പ്രതികൾ ധാരണയിലെത്തിയെന്ന് വ്യക്തമാകും. അന്വേഷണ സംഘത്തിലെ സുദർശന്റെ കൈവെട്ടണമെന്നും ഉദ്യോഗസ്ഥരെ അനുഭവിപ്പിക്കുമെന്നൊക്കെ ദിലീപ് പറയുന്നത് ഇത്തരമൊരു തീരുമാനത്തെ തുടർന്നാണ്. പൊലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം രണ്ടു വർഷത്തിലേറെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും സിംഗിൾബെഞ്ച് വിലയിരുത്തി.
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈകോടതി ഒന്നരമാസം കൂടി സമയം അനുവദിച്ചു. തുടരന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നൽകണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഹരജിയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്. മേയ് 30നകം അന്വേഷണം പൂർത്തിയാക്കണമെന്ന കർശന നിർദേശത്തോടെ അതുവരെയാണ് സമയം നീട്ടിനൽകിയിരിക്കുന്നത്. അതേസമയം, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും രഹസ്യമായി സൂക്ഷിക്കണമെന്നും ചോർത്തി നൽകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി തള്ളിയ കോടതി അന്വേഷണം ഏപ്രിൽ 15നകം പൂർത്തിയാക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ദിലീപ് ഉൾപ്പെടെ പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ശേഖരിച്ച തെളിവുകളടക്കം പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നും ഇതിനായി മൂന്നു മാസം സമയം കൂട്ടി നൽകണമെന്നും ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹരജി നൽകി. ഈ ഹരജിയാണ് കോടതി പരിഗണിച്ചത്.
കേസിലെ തെളിവുകളായ ശബ്ദരേഖകൾ മാധ്യമങ്ങൾക്കു ചോർന്നു കിട്ടിയിരുന്നു. ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ. സുരാജ്, കേസിലെ മറ്റൊരു പ്രതി ശരത്, ആലുവയിലെ ഡോ. ഹൈദരാലി തുടങ്ങിയവരുടെ ശബ്ദരേഖകളാണ് പുറത്തുവന്നത്. ഇവ കോടതിയിൽ സമർപ്പിച്ചവയാണ്. അന്വേഷണ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തന്നെ ചോർത്തി നൽകുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ ചോർത്തി നൽകരുതെന്ന് കോടതി നിർദേശിച്ചത്.
കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി കേസിൽ ഈ ഘട്ടത്തിൽ ഇടപെടുന്നത് തെളിവുകൾ ശേഖരിക്കാനുള്ള പൊലീസിന്റെ അവസരം നിഷേധിക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. ഒരു ഡി.ജി.പി ഉൾപ്പെടെ കേസ് കെട്ടിച്ചമക്കാൻ ഗൂഢാലോചന നടത്തിയെന്നും ബൈജു പൗലോസിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് കേസിന് കാരണമെന്നും ആരോപിച്ചാണ് സി.ബി.ഐ അന്വേഷണ ആവശ്യം ദിലീപ് ഉന്നയിച്ചത്.
എന്നാൽ, പ്രതികൾക്ക് അന്വേഷണ ഏജൻസിയെ നിശ്ചയിക്കാൻ അവകാശമില്ലെന്ന് സുപ്രീംകോടതി വിധികൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന പ്രതിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് സി.ബി.ഐക്ക് വിടാനാവില്ല. ഉചിതവും ന്യായവുമായ അന്വേഷണം കേസിൽ നടന്നിട്ടില്ലെന്ന് തെളിയിക്കാനായിട്ടില്ലെന്നും അഭിപ്രായപ്പെട്ട കോടതി, തുടർന്ന് ഹരജി തള്ളുകയായിരുന്നു.
നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തുന്നതിനു മുമ്പ് മൂന്നു തവണ പരാതിക്കാരനായ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഇയാളെ കണ്ടിരുന്നെന്ന് ദിലീപ് ആരോപിച്ചിരുന്നു. അന്വേഷണത്തിന് നിർദേശം നൽകിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിന്‍റെ ബന്ധുവായ പാട്ടുകാരിയെ നാദിർഷയുടെ ചിത്രത്തിൽ പാടിക്കണമെന്ന് ബാലചന്ദ്രകുമാർ ശിപാർശ ചെയ്ത വാട്സ്ആപ്പ് സന്ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇരുവരും തമ്മിൽ നേരത്തേ ബന്ധമുണ്ടെന്ന് ദിലീപ് ആരോപിക്കുകയും ചെയ്തു.
ശ്രീജിത് നല്ല ട്രാക്ക് റെക്കോഡ് ഉള്ളയാളല്ലെന്ന വാദങ്ങളും ദിലീപ് നടത്തി. എന്നാൽ, ശ്രീജിത്തിന് ബാലചന്ദ്രകുമാറുമായി അടുപ്പമുണ്ട് എന്നത് കേസ് റദ്ദാക്കാൻ മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. പരാതി കള്ളമല്ലെന്ന് ഉറപ്പാക്കാനാണ് പ്രാഥമിക പരിശോധന നടത്തുന്നതെന്ന്, 2017ലെ സംഭവത്തിൽ 2022 ജനുവരിയിലാണ് കേസെടുത്തതെന്ന ദിലീപിന്‍റെ വാദം തള്ളി കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.