തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ നയപ്രഖ്യാപന പ്രസംഗം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അംഗീകരിച്ചു. സർക്കാറും ഗവർണറും തമ്മിലെ തർക്കം നിലനിൽക്കെയാണ് സർക്കാർ തയാറാക്കി നൽകിയ പ്രസംഗം ഗവർണർ അതേപടി അംഗീകരിച്ചത്. ഗവർണറെ പ്രകോപിപ്പിക്കാതിരിക്കാൻ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശനം മയപ്പെടുത്തി. കേന്ദ്രം സംസ്ഥാന സർക്കാറിനെ സാമ്പത്തികമായ ഞെരുക്കുന്നുവെന്ന് മാത്രമാണ് നയപ്രഖ്യാപനത്തിലെ പ്രധാന വിമർശനം. ജനുവരിൽ 23ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് പുതുവർഷത്തിലെ ആദ്യ നിയമസഭ സമ്മേളനം തുടങ്ങുക.
തമിഴ്നാട്ടിലേതുപോലെ ഗവർണറുമായി ഏറ്റുമുട്ടലിന് പോകേണ്ടതില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകിയ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചിരുന്നു. ഗവർണറും സർക്കാറും തമ്മിലെ ബന്ധത്തിൽ പൊട്ടിത്തെറിക്കുശേഷം രൂപപ്പെട്ട മഞ്ഞുരുക്കത്തിന്‍റെ സാഹചര്യം മെച്ചപ്പെടുത്താനാണ് സർക്കാർ താൽപര്യപ്പെടുന്നത്.
ഇതിന്‍റെ ഭാഗമായി നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ രാഷ്ട്രീയ വിമർശനങ്ങൾ ഗവർണറെക്കൊണ്ട് വായിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. 2020ൽ പൗരത്വഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങളുടെ പേരിൽ ഗവർണർ സർക്കാറുമായി ഉടക്കിയിരുന്നു. വിയോജിപ്പ് രേഖപ്പെടുത്തിയാണ് അന്ന് ഗവർണർ സഭയിൽ പ്രസംഗം വായിച്ചത്.
ഇക്കുറി കേന്ദ്രത്തിനെതിരെ നേരിട്ടുള്ള കടന്നാക്രമണമില്ലാത്തതിനാൽ അത്തരം പ്രശ്നങ്ങളില്ല. അതേസമയം, ഗവർണറും സർക്കാറും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയം നയപ്രഖ്യാപനത്തിൽ കാര്യമായി പറയുന്നുണ്ട്. എന്നാൽ ചാൻസലറെന്ന നിലയിൽ വിഷയത്തിൽ ഗവർണർ നടത്തിയ ഇടപെടലുകൾ പരാമർശിക്കില്ല.
ലോക നിലവാരത്തിനൊപ്പമെത്താനുള്ള പരിഷ്കാരങ്ങളെന്ന നിലക്കാണ് ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കുന്ന മാറ്റങ്ങൾ അവതരിപ്പിക്കുക. മുൻവർഷത്തെ അപേക്ഷിച്ച് നയപ്രഖ്യാപന പ്രസംഗത്തിന്‍റെ ദൈർഘ്യം കുറച്ചിട്ടുണ്ട്. വകുപ്പ് തിരിച്ചുള്ള വിശദമായ പദ്ധതി വിശദീകരണമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.