ആലപ്പുഴ: കുട്ടനാട് രാമങ്കരി പഞ്ചായത്ത് ഒന്നാം വാർഡിലെ മണലാടി മഠത്തിൽപറമ്പ് ലക്ഷംവീട് കോളനിയിലെ സ്ത്രീകൾ ഒന്നടങ്കം ചോദിക്കുന്നു. നീതി കിട്ടാൻ ഞങ്ങളും ആത്മഹത്യ ചെയ്യേണാ?. കോളനിയിലെ ആണുങ്ങളെല്ലാം 18 ദിവസമായി പൊലീസിനെ ഭയന്ന് ഒളിവിലാണ്.
രണ്ടാഴ്ച മുമ്പ് വഴിത്തർക്കത്തിെൻറ പേരിൽ 18 തെങ്ങ് വെട്ടിയ സംഘർഷത്തിനു പിന്നാലെ ഒളിവിൽ പോയതാണ്. പുരുഷന്മാരില്ലാതായതോടെ സാമൂഹിക വിരുദ്ധ ശല്യം ഭയന്ന് 45ലധികം കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അന്തിയുറങ്ങുന്നത് മൂന്ന് വീട്ടിൽ ഒന്നിച്ച്. ഭക്ഷണം പാകം ചെയ്യുന്നത് എല്ലാവരും ചേർന്ന് ഒരുവീട്ടിൽ. സന്നദ്ധസംഘടനകൾ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനാൽ പട്ടിണിയില്ല.
ആണുങ്ങളെ പിടികൂടാൻ പൊലീസ് തക്കം പാർത്തിരിക്കുകയാണ്. അതിനാൽ തന്നെ പൊലീസിനെതിരെ മിണ്ടാൻ പലർക്കും പേടി. ഭീതി വിട്ടുമാറിയിട്ടില്ല. തർക്കത്തെ തുടർന്ന് പൊലീസ് കോളനിയിൽ നടത്തിയത് തേർവാഴ്ചയാണ്. പാടശേഖരത്തിലൂടെയുള്ള വഴി വീതികൂട്ടാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് കോളനിക്കാർക്കെതിരെ സംഭവത്തിനു രണ്ടുദിവസം മുമ്പ് സ്ഥലം ഉടമ രാമങ്കരി പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് പട്രോളിങ്ങും നടത്തിയിരുന്നു. ഡിസംബർ രാത്രി 12 ന് അർധരാത്രി തെങ്ങ് മുറിക്കുന്നതറിഞ്ഞ് പൊലീസ് എത്തിയപ്പോൾ സ്ത്രീകൾ തടഞ്ഞു. കല്ലേറുണ്ടായി. ഉന്തും തള്ളിനെയും തുടർന്ന് പൊലീസ് ലാത്തി വീശി. അടിയേറ്റ് 10 ലധികം സ്ത്രീകൾ വീണു. ഇതോടെ, ആണുങ്ങളും ഓടിയെത്തി. അവർക്കും മർദ്ദനമേറ്റു. ഇതിനിടെ ജീപ്പിെൻറ ചില്ല് ഒരു പൊലീസുകാരൻ അടിച്ചു പൊട്ടിച്ചതായി കോളനിവാസികൾ ആരോപിക്കുന്നു.
പൊലീസുകാരന് വെട്ടേറ്റെന്ന രീതിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് പിന്നീട് അറിഞ്ഞതെന്നും പറയുന്നു. ചില തെങ്ങുകൾ മുറിച്ചത് തങ്ങളല്ലെന്നും അവർ പറയുന്നു. പിറ്റേന്ന് പുലർച്ചെ സംഘമായി എത്തിയ പൊലീസ് കോളനിയിൽ തേർവാഴ്ച നടത്തി. ആണുങ്ങൾ മുഴുവൻ രക്ഷപ്പെട്ടിരുന്നു. വീടുകൾ അരിച്ചുെപറുക്കിയ പൊലീസ് കതകുകൾ ചവിട്ടിപ്പൊളിച്ചു. കണ്ണിൽ കണ്ടതെല്ലാം തകർത്തു. 20 വർഷം മുമ്പ് ബ്ലോക്ക് നിർമിച്ച വഴി മണ്ണുമാന്തി ഉപയോഗിച്ച് ആഴത്തിൽ വലിയ കിടങ്ങ് തീർത്ത് മണ്ണു എടുത്തു കൊണ്ടുപോയി. റോഡ് തോടാക്കി. ലൈഫ് പദ്ധതിയിൽ നിർമിക്കുന്ന വീടിെൻറ അടിത്തറക്ക് പിരിവെടുത്ത് വാങ്ങിയ അഞ്ച്ലോഡ് മണ്ണും കൊണ്ടുപോയി.
പൊലീസിനെ ആക്രമിച്ച കേസിൽ 38 പേർക്കെതിരെയാണ് രാമങ്കരി െപാലീസ് കേസെടുത്തത്. ആറുപേർ കീഴടങ്ങിയതടക്കം 13 പേർ പിടിയിലായി. ഇന്നലെ കേസ് പരിഗണിച്ച കോടതി ഒരാൾക്ക് ജാമ്യം നൽകി. കേസിൽ സംഭവവുമായി ബന്ധമില്ലാത്തവരും പെട്ടു. കോളനിയിലെ ആദ്യതാമസക്കാരൻ ഫ്രാൻസിസ് സാലക്സിെൻറ മകൻ പി.ഡബ്ല്യു.ഡി കോൺട്രാക്ടർ സോജൻ സേവ്യറെയും െപാലീസ് കൊണ്ടുപോയി. ഇയാൾ മാതാപിതാക്കളെ കാണാൻ എത്തിയതായിരുന്നു. ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പിടികൂടിയത്. സാലക്സിെൻറ മറ്റ് രണ്ട് ആൺമക്കൾ തിരിച്ചെത്തിയിട്ടില്ല.
45 കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഭൂരിഭാഗവും ദലിതർ. ആറ്റിൽനിന്ന് പമ്പ് ചെയ്യുന്ന ശുദ്ധീകരിക്കാത്ത വെള്ളമാണ് ഉപയോഗിക്കുന്നത്. വൈദ്യസഹായം വേണ്ടിവന്നാൽ രോഗിയെ എടുത്തുകൊണ്ടുപോകണം.ഹൃദയാഘാതം ബാധിച്ച് യഥാസമയം ചികിത്സകിട്ടാതെ മൂന്നുപേർ മരിച്ചു. റോഡിനു വേണ്ടി കോളനിയിലെ 140 പേർ വോട്ട് ബഹിഷ്കരിച്ച് കഞ്ഞിവെച്ച് പ്രതിഷേധിച്ചെങ്കിലും രാഷ്ട്രീയക്കാർ കണ്ട മട്ടു നടിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.