ന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരുമാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
പൗരത്വ സമരത്തിൽ പങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.
പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.
പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.