തിരുവനന്തപുരം: പിണറായി വിജയെൻറ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ വ്യാഴാഴ്ച വൈകിട്ട് 3.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.
പങ്കെടുക്കുന്നവർ ഉച്ചതിരിഞ്ഞ് 2.45 ന് മുമ്പ് സ്റ്റേഡിയത്തിൽ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ/ട്രൂനാറ്റ്/ ആർ.ടി ലാമ്പ് നെഗറ്റീവ് റിസൾട്ടോ, കോവിഡ് വാക്‌സിനേഷൻ അന്തിമ സർട്ടിഫിക്കറ്റോ കൈവശം വെക്കണം.
ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ടെസ്റ്റിനുള്ള സൗകര്യം എം.എൽ.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന് മന്ദിരത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിർവശമുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാർ പാസും ഉള്ളടക്കം ചെയ്തിട്ടുണ്ട്.
കാർപാർക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിൻ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്‌സ്-രണ്ട് മന്ദിരം, കേരള സർവകലാശാല കാമ്പസ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം നിർബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും കോവിഡ്- 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.