രാജ്യസഭ എം.പി സ്ഥാനം അലങ്കാരമായി കാണില്ല; നാടിൻ്റെ വികസനം ലക്ഷ്യം -പി.ടി. ഉഷ എം.പി

പയ്യോളി : രാജ്യസഭ എം.പി. സ്ഥാനം അലങ്കാര വസ്തുവായി കാണില്ലെന്നും പകരം നാടിൻ്റെ വികസനോത്മകമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കാൻ മുന്നിട്ടിറങ്ങുമെന്നും ഒളിമ്പ്യൻ പി.ടി .ഉഷ എം.പി  . കഠിനാധ്വാനത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും  ഫലമായി കായികമേഖലയിൽ രാജ്യത്തിൻ്റെ യശസ്സുയുർത്താൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട് . പിന്നിട്ട നാൾവഴികളിൽ തന്നെ ചെറുപ്പകാലം മുതൽ പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന പിതാവും ഭർത്താവുമടക്കം തൻ്റെ കുടുംബാംഗങ്ങൾ , അധ്യാപകർ , പരിശീലകർ , നാട്ടുകാർ തുടങ്ങിയവരുടെയെല്ലാം പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് നിങ്ങൾ കാണുന്ന  പി.ടി. ഉഷയും എം.പി.യും ഉണ്ടാകുമായിരുന്നില്ല. 

കായികരംഗത്തെ അന്നും ഇന്നും ഒരു അഭിനിവേശമായി ഉൾക്കൊണ്ട് കൊണ്ട്  ജീവിതം സമർപ്പിച്ചതിൻ്റെ ഫലമായി നേട്ടങ്ങൾ ഓരോന്നും  തന്നെ തേടി എത്തുകയായിരുന്നുവെന്നും , ഒടുവിൽ  രാജ്യസഭ എം.പി. യായി നാമനിർദേശം ചെയ്തുവെന്ന പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഫോൺ സംഭാഷണം തന്നെ ഏറെ അദ്ഭുതപ്പെടുത്തിയെന്നും എം.പി. പറഞ്ഞു .

വ്യാഴാഴ്ച വൈകീട്ട് നാലരയോടെ എം.പി.ക്ക്  പയ്യോളി പൗരാവലി നേതൃത്വത്തിൽ  പെരുമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  സ്വീകരണ പരിപാടിയിൽ മറുപടി പ്രഭാഷണം നടത്തുകയായിരുന്നു പി.ടി. ഉഷ . ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉപജില്ലാ മത്സരത്തിൽ 200 മീറ്റർ ഓട്ടത്തിൽ തന്നെ തോൽപിച്ച് സ്വർണമെഡൽ കരസ്ഥമാക്കിയ രാധയെന്ന കൂട്ടുകാരിയെ എം.പി. തൻ്റെ പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഉടൻ  സദസ്സിലുണ്ടായിരുന്ന രാധ വേദിയിലേക്ക് കയറി ഉഷയെ ആശ്ലേഷിച്ചത് നീണ്ട കൈയ്യടികളോടെയാണ് ഹാളിലെത്തിയ വൻജനാവലി സ്വീകരിച്ചത്. 

നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്  പി.ടി. ഉഷ എം.പി.ക്ക് ഉപഹാരം സമർപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സി.പി.ഫാത്തിമ  പൊന്നാടയണിയിച്ചു. ചാനൽ ടോപ്പ് സിംഗർ വിജയി ശ്രീനന്ദ് വിനോദ് , ദേശീയ ജൂനിയർ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻമാരായ കേരള ടീമംഗം ആൻസിയ ഷിനോയ് തുടങ്ങിയവരെ പരിപാടിയിൽ എം.പി. ഉപഹാരം നൽകി ആദരിച്ചു. ' ഒളിമ്പ്യൻ പി.ടി. ഉഷ നാളിതുവരെ '  എന്ന വിഷയത്തിൽ പ്രമുഖ കായികലേഖകനും ' ചന്ദ്രിക '  പത്രാധിപരുമായ കമാൽ വരദൂർ സംസാരിച്ചു. ജനപ്രതിനിധികളും  രാഷ്ട്രീയ സാംസ്കരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. നേരത്തെ പയ്യോളി ബസ് സ്റ്റാൻഡിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പേർ പങ്കെടുത്ത് കൊണ്ട് ഘോഷയാത്രയായാണ്  എം.പി.യെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചത്. 

Tags:    
News Summary - The position of Rajya Sabha MP will not be seen as a decoration; Development of the country is the goal - P.T. Usha MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.