കേരളത്തിൽ 90 ശതമാനം സാക്ഷരത, അവർ ചിന്തിക്കുന്നു, ബി.ജെ.പി വളരാത്തതിന് കാരണം വിശദമാക്കി രാജഗോപാൽ

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയെ വെട്ടിലാക്കി വീണ്ടും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാല്‍. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയാണ് ബി.ജെ.പിയുടെ വളര്‍ച്ചക്ക് പ്രധാന തടസ്സമെന്ന് രാജഗോപാല്‍ പറഞ്ഞു. കേരളത്തിൽ പാർട്ടി പതിയെ വളർന്നു കൊണ്ടിരിക്കുകയാണ് എന്നും ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കേരളം പ്രത്യേകതയുള്ള സംസ്ഥാനമാണ്. ഇവിടെ രണ്ടു മൂന്നു വലിയ ഘടകങ്ങളുണ്ട്. കേരളത്തിൽ 90 ശതമാനമാണ് സാക്ഷരത. അവർ ചിന്തിക്കുന്നു. അവർ സംവാദത്തില്‍ ഏര്‍പ്പെടുന്നു. ഇത് വിദ്യാസമ്പന്നരായ ജനങ്ങളുടെ സ്വഭാവമാണ്. ഇത് ഒരു കാര്യം. രണ്ടാമത്തെ പ്രത്യേകത, സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. അതുകൊണ്ടു തന്നെ ആ വശം ഓരോ കണക്കുകൂട്ടലിലും വരുന്നുണ്ട്. അതു കൊണ്ടാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളോട് താരതമ്യം ചെയ്യാൻ കഴിയാത്തത്. ഇവിടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ ഞങ്ങൾ പതിയെ, ക്രമാനുഗതമായി വളർച്ച കൈവരിക്കുന്നുണ്ട്' - രാജഗോപാൽ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഇത്തവണ ഇടതുമുന്നണിക്കാണ് മുൻതൂക്കമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയാം. അദ്ദേഹം കുറച്ചേ സംസാരിക്കൂ. എന്നാൽ ലക്ഷ്യം നിറവേറ്റും. അദ്ദേഹത്തിന്റെ മേന്മകൾ നിഷേധിക്കാനാവില്ല. സത്യം അംഗീകരിച്ചേ മതിയാകൂ. മനഃപൂർവ്വം കള്ളം പറയരുത്... എന്നും ഒ. രാജഗോപാൽ പറഞ്ഞു. 

Tags:    
News Summary - The reason why the BJP is not growing in Kerala is high literacy. Rajagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.