സ്ത്രീകളോട് അശ്ലീല ചുവയോടെ പെരുമാറരുത്- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തയാറാക്കിയ നിർദേശങ്ങൾ പുറത്ത്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സാംസ്കാരിക വകുപ്പ് തയാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്. സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത്, സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കും എന്നിങ്ങനെയാണ് പ്രധാന നിർദ്ദേശങ്ങൾ. ഇന്നത്തെ യോഗത്തിൽ ഈ നിർദേശങ്ങളാണ് അവതരിപ്പിക്കുക എന്നാണ് അറിയുന്നത്.

സിനിമ മേഖലയിൽ സമ​ഗ്ര നിയമം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാണ് സാസ്കാരിക വകുപ്പിന്‍റെ നിർദേശം. സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കരുത്, സ്ത്രീകൾക്ക് സുരക്ഷിതമായ താമസ, യാത്ര സൗകര്യങ്ങൾ ഒരുക്കണം, സിനിമ ജോലികളിൽ വ്യക്തമായ കരാർ വ്യവസ്ഥ നിർബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ.

സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ഇന്ന് ചേരും. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം ചലചിത്ര മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ 11-ന് തിരുവനന്തപുരത്ത് വച്ചാണ് യോഗം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്ന മന്ത്രി പി രാജീവിന്റെ പരാമർശത്തിനെതിരെ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പ്രതിഷേധം അറിയിക്കാനാണ് സാധ്യത.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വർഷം മുമ്പാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പുറത്തുവിടാത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിജയ് ബാബുവിനെതിരെ ബലാത്സംഗം പരാതിയുമായി യുവ നടി രംഗത്ത് വന്നതോടെയാണ് വീണ്ടും ഈ വിഷയം സജീവ ചർച്ചയായത്. ഈ പശ്ചാത്തലത്തിലാണ് സാംസ്കാരിക വകുപ്പ് ചലചിത്ര മേഖലയിലെ മുഴുവന്‍ സംഘടനകളെയും ക്ഷണിച്ച് ചർച്ച നടത്തുന്നത്. തു

നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സർക്കാരിനെ ദേശീയ വനിതാ കമ്മീഷനും വിമർശിച്ചിരുന്നു. ഇക്കാര്യത്തില്‍ 15 ദിവസത്തിനകം പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് വനിതാ കമ്മീഷന്‍ കത്ത് നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - The recommendations prepared in the Hema Committee report are out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.