കോഴിക്കോട്: തന്റെ മധ്യസ്ഥതയിലല്ലാതെയും ആർ.എസ്.എസ്-സി.പി.എം ചർച്ചകൾ നടന്നിട്ടുണ്ടായിരിക്കാമെന്ന് യോഗാചാര്യൻ ശ്രീ എം. ചർച്ചക്ക് അടിത്തറയിടുക മാത്രമാണ് താൻ ചെയ്തത്. ചർച്ചകൾക്കുശേഷം മൂന്ന് - നാല് വർഷം അക്രമ സംഭവങ്ങൾ കുറയുകയും വലിയ മാറ്റങ്ങളണ്ടാവുകയും ചെയ്തതായി ശ്രീ എം മീഡിയാവൺ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും ആർ.എസ്.എസിൽ അംഗത്വം എടുക്കുകയോ ശാഖയിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓർഗനൈസറിൽ പ്രവർത്തിക്കുകയോ അതിന്റെ ലേഖകനാവുകയോ ചെയ്തിട്ടില്ല. നിഷ്പക്ഷ നിലപാട് എടുക്കുന്നയാളാണ് ഞാൻ. ആർ.എസ്.എസ് സഹയാത്രികനാണെന്നത് ജീവിതത്തിൽ ആദ്യമായി കേൾക്കുന്നതാണ്. അതേസമയം, എന്തൊക്കെ പറഞ്ഞാലും ആർ.എസ്.എസ് ദേശീയ വാദികളാണ്.
ഇന്ത്യയിലിരുന്ന് ഞാൻ പാകിസ്താനിയാണെന്ന് പറയുന്ന കൂട്ടത്തിലല്ലെന്ന് ശ്രീ എം വ്യക്തമാക്കി. തിരുവനന്തപുരത്ത് യോഗാ കേന്ദ്രം തുടങ്ങാൻ സർക്കാർ ഭൂമി അനുവദിച്ചത് സമാധാന ചർച്ചക്കുള്ള പ്രത്യുപകാരമായല്ല. ചർച്ചകൾ നടന്നത് വളരെ മുമ്പാണ്. ചീഫ് സെക്രട്ടറിക്ക് ഞങ്ങൾ നൽകിയ അപേക്ഷയിൽ സർക്കാർ സ്ഥലം അനുവദിച്ചു തന്നതാണ്. നഗരത്തിന് പുറത്ത് സ്ഥലം അനുവദിക്കണമെന്ന് മാത്രമാണ് സത്സങ് ഫൗണ്ടേഷൻ അഭ്യർത്ഥിച്ചത്.
ഇപ്പോൾ അനുവദിച്ചതായി പറയുന്ന സ്ഥലം എവിടെയാണെന്ന് പോലും തനിക്ക് അറിയില്ല. അതിന്റെ സർക്കാർ ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ല. വിവാദമായ സാഹചര്യത്തിൽ അപേക്ഷ പിൻവലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പിൻവലിച്ചാൽ ആരോപണങ്ങൾ സത്യമാവുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.