തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ 10 സർവകലാശാല വൈസ് ചാൻസലർമാർക്ക് ചാൻസലറായ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കുന്നു. ഏഴുപേർ ഇതിനകം ഗവർണർക്ക് മറുപടി നൽകി. കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ് വി.സിമാരാണ് മറുപടി നൽകാൻ അവശേഷിക്കുന്നത്. ഇവർ തിങ്കളാഴ്ചയോടെ മറുപടി നൽകിയേക്കും.
മറുപടി നൽകിയവരിൽ എം.ജി സർവകലാശാല വി.സി ഡോ. സാബു തോമസ്, കാലടി സംസ്കൃത സർവകലാശാല വി.സി ഡോ. എം.വി. നാരായണൻ, മലയാളം സർവകലാശാല വി.സി ഡോ. അനിൽ കുമാർ എന്നിവർ ഗവർണറെ നേരിൽ കണ്ട് വിശദീകരിക്കാൻ അവസരം തേടിയിട്ടുണ്ട്. നേരേത്ത എട്ട് വി.സിമാർക്ക് മറുപടി നൽകാൻ ഗവർണർ നൽകിയ സമയം നവംബർ മൂന്ന് വരെയും രണ്ടുപേർക്ക് നാലുവരെയുമായിരുന്നു. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് വി.സിമാർ ഹൈകോടതിയെ സമീപിച്ചതോടെ സമയം കോടതി ഏഴ് വരെ നീട്ടി നൽകി.
ചൊവ്വാഴ്ച ഹരജി കോടതി പരിഗണിക്കുന്നുണ്ട്. വി.സി നിയമനത്തിന് യു.ജി.സി റെഗുലേഷൻ പ്രകാരമുള്ള നടപടികൾ പാലിച്ചില്ലെന്ന് കണ്ടാണ് സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത്. വിധി മറ്റ് വി.സിമാരുടെ കാര്യത്തിൽ കൂടി നടപ്പാക്കാൻ ഇവരോട് ഗവർണർ രാജി തേടിയിരുന്നു. എന്നാൽ ഗവർണറുടെ ആവശ്യം തള്ളിയ വി.സിമാർ കോടതിയെ സമീപിച്ചു. ഇതിനിടെ പദവിയിൽ തുടരാൻ മതിയായ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ വി.സിമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസും നൽകി. ഒഴാഴ്ചയോളമായി തലസ്ഥാനത്തില്ലാതിരുന്ന ഗവർണർ തിങ്കളാഴ്ച മടങ്ങിയെത്തുന്നുമുണ്ട്.
കോടതിയിൽ നൽകിയ ഹരജിയിൽ ഉന്നയിച്ച വാദങ്ങൾ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടിയിലും ആവർത്തിച്ച് വി.സിമാർ. യു.ജി.സി റെഗുലേഷനും സർവകലാശാല നിയമവും പാലിച്ച് നിയമിതരായ തങ്ങളെ പിരിച്ചുവിടാൻ ചാൻസലറായ ഗവർണർക്ക് അധികാരമില്ലെന്ന് മറുപടിയിൽ വി.സിമാർ പറയുന്നു.
യു.ജി.സി റെഗുലേഷൻ പ്രകാരം യോഗ്യതയുള്ളവരാണ് തങ്ങളെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമനത്തിനായി പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷ നൽകിയും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയുമാണ് വി.സി പദവിയിൽ നിയമിതരായത്. സെർച് കമ്മിറ്റിയുടെ ശിപാർശ പ്രകാരം ചാൻസലറായ ഗവർണറാണ് നിയമനം നടത്തിയതെന്നും നടപടിക്രമങ്ങളിൽ വീഴ്യുണ്ടായെങ്കിൽ തങ്ങൾ ഉത്തരവാദികളെല്ലെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.