പെരിന്തൽമണ്ണ: നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലെ രണ്ട് സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച നടപടി തൽക്കാലം മരവിപ്പിച്ചു. ഫെബ്രുവരി 20 വരെ മാറ്റമുണ്ടാവില്ല. ജനുവരി 19 മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. രണ്ട് സ്ലീപ്പർ കോച്ച് വെട്ടിക്കുറച്ച് രണ്ട് ജനറൽ കോച്ച് വർധിപ്പിക്കാനായിരുന്നു തീരുമാനം.
എട്ട് സ്ലീപ്പർ കോച്ച്, ഒരു തേർഡ് എ.സി, ഒരു സെക്കൻഡ് എ.സി, രണ്ട് ജനറൽ കോച്ച് എന്നിവയാണ് നിലവിലുള്ളത്. എട്ട് കോച്ച് ആറാക്കുന്നത് ചികിത്സക്കു പോവുന്ന അർബുദരോഗികൾക്കടക്കം പ്രയാസമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ വിശദമാക്കി അങ്ങാടിപ്പുറത്ത് യാത്രക്കാരുടെ പ്രതിനിധികൾ റെയിൽവേ ഡി.ആർ.എം, എ.ഡി.ആർ.എം എന്നിവർക്ക് പരാതി നൽകിയിരുന്നു.
രണ്ട് സ്ലീപ്പർ കോച്ച് വെട്ടിക്കുറച്ചാൽ ശരാശരി 160 മുതൽ 180 സീറ്റ് വരെ കുറവ് വന്നേക്കും. അർബുദരോഗികൾക്ക് സ്ലീപ്പർ കോച്ചിൽ യാത്ര സൗജന്യമാണ്. കൂടെയുള്ളയാൾക്ക് 50 ശതമാനം ഇളവുണ്ട്. സ്ലീപ്പറിൽ നിലമ്പൂരിൽ നിന്ന് 240 രൂപയും അങ്ങാടിപ്പുറത്തു നിന്ന് 225 രൂപയുമാണ് നിരക്ക്. രാത്രി 9.30ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് പുലർച്ച അഞ്ചിന് കൊച്ചുവേളിയിൽ എത്തുന്നതാണ് രാജ്യറാണിയുടെ സമയക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.