ആലപ്പുഴ: 15 വർഷംമുമ്പ് കാണാതായ ശ്രീകല വധക്കേസിലെ ഒന്നാംപ്രതിയും ഭർത്താവുമായ അനിലിനെ ഇസ്രയേലിൽനിന്ന് എത്തിക്കാൻ പൊലീസിന് മുന്നിൽ നിരവധി കടമ്പകൾ.
ബന്ധുക്കളിലടക്കം സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കാനുള്ള ശ്രമവും തുടങ്ങി. കോടതിയിൽനിന്ന് വാറണ്ട് വാങ്ങി പാസ്പോർട്ട് നമ്പറും സ്പോൺസറുടെ വിലാസവും ശേഖരിച്ച് ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് നീക്കം. നിയമപരമായി നാട്ടിലെത്തിക്കാൻ ഏറെ സമയം വേണ്ടിവരും.
സംസ്ഥാന പൊലീസ് മുതൽ കേന്ദ്ര ആഭ്യന്തര വകുപ്പും ഇന്റർപോളും വരെ ഉൾപ്പെടുന്ന നടപടിക്രമങ്ങളാണ് ഇതിൽ പ്രധാനം. സർക്കാർ തല നടപടികളിലൂടെ നാട്ടിലെത്തിക്കാൻ ആദ്യം ബ്ലൂ കോർണർ തെരച്ചിൽ നോട്ടീസും പിന്നീട് റെഡ് കോർണർ നോട്ടീസും പുറപ്പെടുവിക്കണം.
ഇന്റർപോളാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കേണ്ടത്. ഇതിന്റെ ആദ്യഘട്ടമായി പൊലീസ് തെരച്ചിൽ സർക്കുലർ പുറത്തിറക്കണം. പിന്നീട് കോടതി വഴി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ശേഷം റെഡ് കോർണർ നോട്ടീസിനുള്ള പൊലീസിന്റെ അഭ്യർഥന കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും.
ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സി.ബി.ഐയാണ് റെഡ് കോർണർ നോട്ടീസ് ഇറക്കാൻ ശിപാർശ നൽകേണ്ടത്. ഇത് ഇന്റർപോളിന്റെ ജനറൽ സെക്രട്ടേറിയറ്റ് നിയോഗിക്കുന്ന പ്രത്യേകദൗത്യ സമിതി പരിശോധിച്ച ശേഷമാണ് നോട്ടീസ് പുറപ്പെടുവിക്കുക.
ചെങ്ങന്നൂർ: ശ്രീകല വധത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കസ്റ്റഡിയിലുള്ള പ്രതികളെ മണിക്കൂറുകൾ ചോദ്യംചെയ്തു. വ്യാഴാഴ്ച മാന്നാർ പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യംചെയ്യൽ.
ഒന്നാംപ്രതിയായ കലയുടെ ഭർത്താവ് അനിൽകുമാറുമായി രക്തബന്ധമുള്ളവരാണ് കൂട്ടുപ്രതികൾ. കെട്ടിട നിർമാണകരാറുകാരനായ ജിനു ഗോപി പിതൃസഹോര പുത്രനും സോമരാജൻ സഹോദരി ഭർത്താവുമാണ്. പ്രമോദും മറ്റൊരു പിതൃസഹോദര പുത്രനാണ്. വെള്ളിയാഴ്ച പ്രതികളുമായി പ്രദേശത്ത് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.
ചെങ്ങന്നൂർ: കൊലപാതക സൂചന ലഭിച്ച ഊമക്കത്തിന് പിന്നില്‍ ഒരു സമുദായ സംഘടനയിൽ നിലനിൽക്കുന്ന ശക്തമായ ചേരിപ്പോരാണെന്നും പറയപ്പെടുന്നു.
പ്രതികള്‍ ഉള്‍പ്പെട്ട പ്രബലമായ ഒരുസമുദായ സംഘടനയില്‍ നേരത്തെ നടന്ന ഭിന്നിപ്പും പരസ്യമായ ഏറ്റുമുട്ടലും വ്യവഹാരത്തിലാണ്.
ഇതിന്റെ അനന്തരഫലമായിട്ടാണ് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതെന്നാണ് ആരോപണം. കേസില്‍ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തവരും പിന്നീട് വിട്ടയക്കപ്പെട്ടവരും സമുദായ സംഘടനാഭരണത്തില് നിലവില്‍ ഭാരവാഹികളാണ്.
നേരത്തെ സംഘടനയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ പലരെയും പുറത്താക്കിയിരുന്നു. ഇതിനെതിരെ പുറത്തായവര്‍ നല്കിയ പരാതിയെ തുടര്‍ന്ന് സമുദായ നേതൃത്വം ഇടപെടുകയും അന്വേഷണം നടത്തി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഭരണസമിതി പിരിച്ചുവിട്ട് യൂനിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപവത്കരിച്ചു.
കലയുടെ തിരോധാനം കൊലപാതകമാണെന്ന് കത്തില്‍ സൂചന വന്നതോടെയാണ് അമ്പലപ്പുഴ പൊലീസിന് ലഭിച്ച കത്ത് ജില്ല പൊലീസ് മേധാവിക്ക് കൈമാറിയത്. കേസിലെ പ്രതിയായ പ്രമോദ് മുമ്പ് ഭാര്യവീട്ടിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയ കേസില്‍ ജയിലിലായിരുന്നു.
ഈ സമയത്താണ് ഊമക്കത്ത് പൊലീസിന് ലഭിക്കുന്നത്. 15 വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ വിവരം ഊമക്കത്തായി തയാറാക്കി അയച്ചവർ ആരാണെന്ന് നാട്ടിലെ പരസ്യമായ രഹസ്യമാണെന്നും പറയപ്പെടുന്നു. എന്തായാലുംദുരൂഹത നീങ്ങാൻ അനിൽ കുമാറിനെ നാട്ടിലെത്തിക്കണം.
ആലപ്പുഴ: ശ്രീകല വധത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണത്തിന് 21 അംഗ പൊലീസ് സംഘം. ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ മാന്നാർ, അമ്പലപ്പുഴ സ്റ്റേഷനുകളിലെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി 21 അംഗ സംഘമാണ് രൂപവത്കരിച്ചത്. കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയതോടെ കടത്താൻ ഉപയോഗിച്ച കാറും ആയുധവും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
കൊലപാതക സൂചനയിലേക്ക് വിരൽചൂണ്ടുന്ന ഊമക്കത്തിന് പിന്നാലെ കല കൊല്ലപ്പെട്ടെന്ന് തിരിച്ചറിഞ്ഞത് അമ്പലപ്പുഴ പൊലീസും ക്രൈംബ്രാഞ്ചും ഉൾപ്പെട്ട ചെറിയ സംഘമായിരുന്നു.
മാന്നാറിനടുത്തുള്ള വലിയ പെരുമ്പുഴ പാലത്തിൽവെച്ച് കലയെ കൊന്നെന്ന് സ്ഥിരീകരിച്ചതിനൊപ്പം ഭർത്താവ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽനിന്ന് കണ്ടെത്തിയ മുടി, ഹെയർക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക്ക് അടക്കമുള്ള ചില വസ്തുക്കളുടെ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വരുന്നതിന് മുമ്പ് അതിലേക്ക് എത്തുന്ന ചില തെളിവുകൾ സമാഹരിക്കും. ഇതിനൊപ്പം കൂട്ടുപ്രതികൾക്ക് അറിയാവുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തും.
ചെങ്ങന്നൂര്‍: ശ്രീകലയുടെ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിഭാഗം അഭിഭാഷകന് സുരേഷ് മത്തായി ആരോപിച്ചു. മൃതശരീരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടില്ല. പൊലീസിന്റെ ഊഹമനുസരിച്ച് ഒരു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും സെപ്റ്റിക് ടാങ്കില്‍നിന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയെന്നത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.