കോഴിക്കോട്: മുസ്ലിം ലീഗിൽ സ്ത്രീയെന്നോ പുരുഷനെന്നോ വിവേചനമില്ലെന്നും എല്ലാവരും പാർട്ടി പ്രവർത്തകർ മാത്രമാണെന്നും എം.കെ. മുനീർ എം.എൽ.എ. പാർട്ടി ഒരു കൂട്ടായ്മയാണ്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെ ഒരു രീതിയിലെ കാണാൻ സാധിക്കൂവെന്നും മുനീർ വ്യക്തമാക്കി.
പൊതുസമൂഹം ഒരു വിഷയം പല രീതിയിൽ ചർച്ച ചെയ്യും. മാധ്യമങ്ങൾ മറ്റൊരു രീതിയിൽ ചർച്ച ചെയ്തേക്കാം. പാർട്ടിക്കുള്ളിലെ ചർച്ചയിൽ ഉരുത്തിരിയുന്ന കാര്യങ്ങളിലാണ് അന്തിമ തീരുമാനമായി പുറത്തു പറയാൻ സാധിക്കുകയെന്നും മുനീർ വ്യക്തമാക്കി.
ഹരിതയിലെ പ്രശ്നങ്ങളിൽ ഇരു വിഭാഗങ്ങളുമായി ചേർന്ന് നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. എല്ലാവരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു തീരുമാനമുണ്ടായത്. ഈ വിഷയത്തിൽ പ്രതികരിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയതെന്നും മുനീർ പറഞ്ഞു.
അച്ചടക്ക ലംഘനം നടന്നുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പാർട്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. ഉന്നതാധികാര സമിതിയുടെ തീരുമാനം അന്തിമമാണെന്നും എം.കെ. മുനീർ മാധ്യമങ്ങളോട് വ്യക്തമാക്കി.
എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിത കമീഷനിൽ പരാതി നൽകിയ 'ഹരിത'യുടെ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം പിരിച്ചുവിട്ടിരുന്നു. മലപ്പുറം ലീഗ് ഹൗസിൽ ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗ ശേഷം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. കടുത്ത അച്ചടക്ക ലംഘനത്തിെൻറ പേരിലാണ് നടപടിയെന്നും പുതിയ കമ്മിറ്റിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2018ൽ നിലവിൽ വന്ന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതാണെന്നും സലാം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസും മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബും സംഘടന യോഗങ്ങളിലും ഫോൺ സംഭാഷണങ്ങളിലും സ്ത്രീത്വത്തെ അപമാനിക്കുംവിധം സംസാരിച്ചെന്ന് കാണിച്ച് ആഗസ്റ്റ് രണ്ടാംവാരമാണ് ഹരിതയുടെ 10 ഭാരവാഹികൾ ഒപ്പിട്ട പരാതി വനിത കമീഷന് നൽകിയത്. തുടർന്ന് കോഴിക്കോട് വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ലീഗ് നേതൃത്വം നൽകിയ അന്ത്യശാസനവും ഹരിത തള്ളിയതിനെത്തുടർന്ന് ആഗസ്റ്റ് 17ന് കമ്മിറ്റി മരവിപ്പിച്ചിരുന്നു. നവാസ്, വഹാബ്, ഹരിത നേതാവിനോട് അപമാനകരമായ പരാമർശം നടത്തിയെന്ന ആരോപണവിധേയനായ എം.എസ്.എഫ് മലപ്പുറം ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ് എന്നിവരോട് വിശദീകരണവും തേടി. 25ന് മലപ്പുറത്ത് ഇരുവിഭാഗവുമായി നടത്തിയ ചർച്ചയിലും പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം ആവർത്തിച്ചെങ്കിലും ഹരിത നേതാക്കാൾ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.