വായ്പ വഴികളടയുന്നു, എല്ലാം ശരിയാകാതെ സിൽവർ ലൈൻ

തിരുവനന്തപുരം: എങ്ങുമെത്താത്ത സാമൂഹികാഘാത പഠനം കീറാമുട്ടിയായി തുടരുന്നതിനിടെ വായ്പ വഴികളും അടഞ്ഞതോടെ സിൽവർ ലൈനിന്‍റെ ഭാവി വഴിമുട്ടുന്നു. ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയുടെ (ജൈക്ക) വായ്പ കേന്ദ്ര ധനമന്ത്രാലയം ഉപേക്ഷിച്ചതോടെ വിദേശ വായ്പയുടെ കാര്യത്തിൽ കെ-റെയിലിന്‍റെ ഏറ്റവും വലിയ പ്രതീക്ഷയാണ് നഷ്ടമാകുന്നത്. സിൽവർ ലൈൻ പദ്ധതിക്കായി 33,700 കോടി രൂപയാണ് വിദേശത്തുനിന്ന് കടമെടുക്കാൻ കെ-റെയിൽ ആലോചിച്ചിരുന്നത്. ഇതിൽ 250 കോടി യു.എസ് ഡോളർ( ഏകദേശം19,000 കോടി രൂപ) ആയിരുന്നു ജൈക്കയുടെ വാഗ്ദാനം. 40 വർഷത്തേക്ക് 0.2 ശതമാനം പലിശ നിരക്കിലാണ് വായ്പ. ആദ്യ അഞ്ച് വർഷം മൊറട്ടോറിയം കാലയളവുമായിരുന്നു. വായ്പ നൽകാൻ വിദേശ ബാങ്കുകളെല്ലാം അനൗദ്യോഗികമായി സമ്മതിച്ചിട്ടുണ്ടെന്നാണ് ജനസമക്ഷം എന്ന പേരിൽ നടത്തിയ സിൽവർ ലൈൻ വിശദീകരണയോഗങ്ങളിൽ മുഖ്യമന്ത്രിയും കെ-റെയിൽ അധികൃതരും പറഞ്ഞിരുന്നത്.

ബാങ്കുകളുമായുള്ള ഔദ്യോഗിക ചർച്ചകൾക്കായി കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അനുമതി വേണം. വേഗത്തിൽ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ധനമന്ത്രാലയം റെയിൽ ബോർഡിന്‍റെ അഭിപ്രായം ആരാഞ്ഞത് മുതൽ അനിശ്ചിതത്വം തുടങ്ങി. പിന്നാലെയാണ് ജൈക്ക വായ്പയിലെ വെട്ട്. എ.ഡി.ബി 100 കോടി ഡോളർ (7900 കോടി രൂപ), ഏഷ്യൻ ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെൻറ് ബാങ്ക് 50 കോടി ഡോളർ (3985 കോടി രൂപ) ജർമൻ ബാങ്കായ കെ.എസ്.ഡബ്ല്യു 46 കോടി ഡോളർ (3666 കോടി രൂപ) എന്നിവയാണ് ഇനി ശേഷിക്കുന്ന വായ്പ വാഗ്ദാനങ്ങൾ. 1.2 മുതൽ 1.4 ശതമാനം വരെയാണ് മറ്റ് ബാങ്കുകളുടെ പലിശ നിരക്ക്. കേന്ദ്ര ധനമന്ത്രാലയം പച്ചക്കൊടി കാട്ടാത്തിടത്തോളം ഈ വായ്പകളും അനിശ്ചിതത്വത്തിലാണ്.

പാതിവഴിയിൽ മുടങ്ങിയ സാമൂഹികാഘാത പഠനത്തിന് ഇതുവരെ ചെലവിട്ടത് 20.50 കോടി രൂപയാണ്. സാമൂഹികാഘാത പഠനത്തിന്‍റെ പേരിലെ ബലംപ്രയോഗിച്ചുള്ള കല്ലിടൽ അവസാനിപ്പിച്ചെങ്കിലും ഇതിനായി മാത്രം ചെലവഴിച്ചത് 1.33 കോടിയാണ്. 19,691 കല്ലുകൾ വാങ്ങിയതിൽ 6744 എണ്ണം മാത്രമാണ് സ്ഥാപിച്ചത്. കേന്ദ്രാനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമായതോടെ നടപടികളെല്ലാം തണുത്ത മട്ടാണ്. ഇത്രയധികം പണം ചെലവഴിച്ച പദ്ധതിയുടെ ഭാവി ഇനി എന്ത് എന്നതിലും കടുത്ത അനിശ്ചിതത്വം തുടരുകയാണ്. ഫേസ്ബുക്ക് അക്കൗണ്ട് വഴി കെ-റെയിൽ തുടരുന്ന പ്രചാരണ പ്രവർത്തനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഡി.പി.ആർ തയാറാക്കലും അനുബന്ധ പ്രവർത്തനങ്ങളുമടക്കം ഇതുവരെ 90 കോടി രൂപ ചെലവഴിച്ചുവെന്നാണ് അനൗദ്യോഗിക വിവരം.

Tags:    
News Summary - There is no possibility of loan there are many problems in the silver line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.