കണ്ണൂർ: എൽ.ഡി.എഫ് സർക്കാറിൻെറ വികസനപ്രവർത്തനങ്ങൾക്കും ജനക്ഷേമപ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും ജനവിധിയെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫിന് അനുകൂലമായ തരംഗം ഈ തെരഞ്ഞെടുപ്പിലുണ്ടാകും. കേരളത്തിലെ 13 ജില്ലകളിൽ എൽ.ഡി.എഫിന് ഇത്തവണ മുൻതൂക്കം ലഭിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളിലായിരുന്നു എൽ.ഡി.എഫ് മുന്നേറ്റം. ഇത്തവണ കേരളത്തിലുടനീളം കാണുന്ന മുന്നേറ്റം ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റമാണ്. അതായിരിക്കും ഈ തെരഞ്ഞെടുപ്പിൻെറ പ്രത്യേകതയെന്നും കോടിയേരി പറഞ്ഞു.
കോവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തെ രക്ഷിച്ച സർക്കാറിനല്ലാതെ ആർക്കാണ് ജനങ്ങൾ വോട്ട് ചെയ്യുക? 600 രൂപയുണ്ടായിരുന്ന പെൻഷൻ 1400 രൂപയാക്കിയ സർക്കാറിനല്ലാതെ അത് വീണ്ടും 600 ആക്കണമെന്ന് പറയുന്നവർക്ക് ആരെങ്കിലും വോട്ട് ചെയ്യുമോയെന്ന് കോടിയേരി ചോദിച്ചു.
സർക്കാറിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുമുള്ള പ്രതിപക്ഷ ആരോപണങ്ങൾ ജനങ്ങളിൽ യാതൊരുവിധ പ്രതികരണവും ഉണ്ടാക്കാൻ പോകുന്നില്ലെന്നും അെതല്ലാം ബോധപൂർവം ഉണ്ടാക്കുന്ന കള്ള പ്രചാരവേലയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിനകത്ത് വലിയ ഒരു പൊട്ടിത്തെറിയുണ്ടാകും. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിച്ച കേരളത്തിലെ കോൺഗ്രസ് നയത്തെ അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിക്കുപോലും അംഗീകരിക്കാൻ കഴിയുന്നില്ല. ഇത് കോൺഗ്രസിനകത്ത് വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസമുണ്ടാക്കാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.