തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി ഓഫിസിൽ കോൺഗ്രസുകാർ തമ്മിൽ കൈയാങ്കളിയും വാക്കേറ്റവും. ഡി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും തിരുവനന്തപുരം എം.പി ശശി തരൂരിന്റെ സ്റ്റാഫും തമ്മിലായിരുന്നു തർക്കം. തരൂരിന്റെ പി.എ ഉൾപ്പെടെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് തമ്പാനൂർ സതീഷ് ഡി.സി.സി അധ്യക്ഷൻ പാലോട് രവിക്ക് പരാതി നൽകി.
നിയോജക മണ്ഡലം യോഗം നടക്കുന്നതിനിടെ ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഡി.സി.സി ഓഫിസിൽ സംഭവം.
തരൂരിനെ വിമർശിച്ചതിന് തരൂർ അനുകൂലികളും പേഴ്സനൽ സ്റ്റാഫും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് തമ്പാനൂർ സതീഷ് പരാതിപ്പെട്ടു. എന്നാൽ സതീഷ് അനാവശ്യ പ്രകോപനമുണ്ടാക്കിയെന്നാണ് തരൂർ അനുകൂലികളുടെ വിമർശനം. തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചായിരുന്നു ഡി.സി.സി ഓഫിസിലെ ചർച്ച. തരൂരും ഡി.സി.സി അധ്യക്ഷൻ പാലോട് രവി അടക്കമുള്ള നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.
യോഗത്തിനിടെ പുറത്തിറങ്ങിയ തമ്പാനൂർ സതീഷും തരൂരിന്റെ പേഴ്സനൽ സ്റ്റാഫ് പ്രവീൺകുമാറും തമ്മിലാണ് ആദ്യം തർക്കമുണ്ടാകുന്നത്.
ശശി തരൂരിന് ഒപ്പമെത്തിയവരെ യോഗത്തിൽ പങ്കെടുപ്പിക്കാനാകില്ലെന്ന തമ്പാനൂർ സതീഷിന്റെ നിലപാടാണ് വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമായതെന്നാണ് വിവരം. നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
എന്നാൽ ൈകയാങ്കളി ഉണ്ടായിട്ടില്ലെന്നാണ് ഡി.സി.സി നേതൃത്വത്തിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.