കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറൻറീനിലുള്ളവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ സ്പെഷല്‍ വോട്ടര്‍മാര്‍ എന്നാണ് വിളിക്കുക. ഇവര്‍ക്ക് നല്‍കുന്ന തപാല്‍ ബാലറ്റ് പേപ്പര്‍ സ്പെഷല്‍ തപാല്‍ ബാലറ്റ് എന്നാണ് അറിയപ്പെടുന്നത്.
സ്പെഷല്‍ വോട്ടര്‍മാരെ രണ്ടുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വോട്ടെടുപ്പ് ദിനത്തിന് 10ദിവസം മുമ്പുള്ള തീയതിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരും കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുമാണ് ആദ്യവിഭാഗം. ഇതിനുശേഷമുള്ള ദിവസങ്ങളിലും തെരഞ്ഞെടുപ്പിെൻറ തലേദിവസം വൈകീട്ട് മൂന്നുമണി വരെയും ആരോഗ്യവകുപ്പ് സമ്പര്‍ക്ക പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തി ക്വാറൻറീൻ നിർദേശിക്കുന്നവരും പുതുതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുമാണ് രണ്ടാമത്തെ വിഭാഗം.
ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് പ്രത്യേക തപാല്‍വോട്ട് മാത്രമാണ് ചെയ്യാന്‍ കഴിയുക. സ്പെഷല്‍ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിയ വോട്ടര്‍പട്ടികയാകും പോളിങ് ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കുക. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍പെടുന്നവര്‍ക്ക് പോളിങ് ബൂത്തില്‍ എത്തി വോട്ടുചെയ്യാന്‍ കഴിയില്ല.
ക്വാറൻറീനില്‍ കഴിയുന്നവരുടെ പട്ടിക വോട്ടെടുപ്പിന് 10 ദിവസം മുമ്പു മുതല്‍ ജില്ലകളിലെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കുന്നവരുടെ പട്ടിക ഇത്തരത്തില്‍ പ്രസിദ്ധീകരിക്കില്ല.
19ഡി എന്ന ഫോറത്തില്‍ വരണാധികാരിക്ക് അപേക്ഷ നല്‍കുന്നതാണ് ആദ്യമാര്‍ഗം. ഈ ഫോറം സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷെൻറ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇങ്ങനെ അപേക്ഷിക്കുമ്പോള്‍ 19സി എന്ന ഫോറത്തില്‍ നല്‍കിയ അര്‍ഹത സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.
രണ്ടാമത്തെ സംവിധാനത്തില്‍ ഇവര്‍ ചികിത്സയിലോ ക്വാറൻറീനിലോ ഇരിക്കുന്ന സ്ഥലത്ത് എത്തിക്കുന്ന ബാലറ്റ് പേപ്പറില്‍ വോട്ടുചെയ്യാം. ഇതിനായി പ്രത്യേക പോളിങ് ഓഫിസര്‍മാരെയും പോളിങ് അസിസ്റ്റൻറുമാരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടുചെയ്തശേഷം ബാലറ്റുകളും ഫോറങ്ങളും ഇവര്‍തന്നെയാകും സ്വീകരിക്കുക.
വോട്ടര്‍മാരെ നേരത്തേ അറിയിച്ചിട്ടാകും ഉദ്യോഗസ്ഥര്‍ ബാലറ്റുമായി എത്തുക. ഫോട്ടോ പതിച്ച ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ൈകയില്‍ കരുതണം. വോട്ട് ചെയ്യേണ്ട തദ്ദേശ സ്ഥാപനത്തിെൻറ പേര്, വാര്‍ഡ് നമ്പര്‍, പോളിങ് സ്റ്റേഷന് നമ്പര്‍, വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍ എന്നിവ നേരത്തേ എഴുതി സൂക്ഷിക്കുന്നതും ഉചിതമാകും.
പോളിങ് ഓഫിസര്‍ വോട്ടറോട് വോട്ടുചെയ്യുന്നതിന് സമ്മതം ആരായുന്നതാണ് ആദ്യപടി. വോട്ടുചെയ്യുന്നതിന് സമ്മതമല്ലെന്നാണ് വോട്ടര്‍ അറിയിക്കുന്നതെങ്കില്‍ ആ വിവരം പോളിങ് ഓഫിസര്‍ തെൻറ പക്കലുള്ള രജിസ്റ്ററിലും 19ബി എന്ന ഫോറത്തിലും രേഖപ്പെടുത്തി വോട്ടറുടെ ഒപ്പുവാങ്ങി മടങ്ങും.
വോട്ടുചെയ്യുന്നതിന് സമ്മതം അറിയിക്കുന്നപക്ഷം തിരിച്ചറിയല്‍ രേഖ ഓഫിസര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം 19 ബി എന്ന അപേക്ഷഫോറത്തില്‍ ഒപ്പിട്ട് ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ കവറുകളും സാക്ഷ്യപത്രത്തിനുള്ള ഫോറവും കൈപ്പറ്റാം.
മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ മേഖലകളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് ഒരു ജനപ്രതിനിധിയെ മാത്രമേ തെരഞ്ഞെടുക്കേണ്ടതുള്ളൂ. അതായത് ഇവര്‍ ഒരുവോട്ടു മാത്രം രേഖപ്പെടുത്തിയാല്‍ മതിയാകും.
എന്നാല്‍, പഞ്ചായത്ത് മേഖലകളിലെ വോട്ടര്‍മാര്‍ ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ഓരോ പ്രതിനിധിയെ വീതം തെരഞ്ഞെടുക്കുന്നതിനായി വോട്ടുെചയ്യണം.
പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ മൂന്ന് ബാലറ്റുകള്‍ ഉപയോഗിച്ച് മൂന്നുവോട്ടുകള്‍ ചെയ്യണം. ഇവര്‍ക്ക് മൂന്നുസെറ്റ് ഫോറങ്ങള്‍, കവറുകള്‍, ബാലറ്റ് എന്നിവയാകും നല്‍കുക.
അപ്പോള്‍തന്നെ രഹസ്യമായി വോട്ട് രേഖപ്പെടുത്തി കവറിലിട്ട് പോളിങ് ഓഫിസര്‍ക്ക് കൈമാറുകയോ പിന്നീട് രേഖപ്പെടുത്തി അതത് റിട്ടേണിങ് ഓഫിസര്‍ക്ക് തപാലിൽ അയച്ചുകൊടുക്കുകയോ ചെയ്യാം.
അയച്ചുകൊടുക്കുകയാണെങ്കില്‍ ബാലറ്റിനൊപ്പം നല്‍കേണ്ട ഫോറം 16 എന്ന സത്യവാങ്മൂലത്തില്‍ പോളിങ് ഓഫിസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി വാങ്ങാന്‍ ശ്രദ്ധിക്കണം.
ഇങ്ങനെ വോട്ടു ചെയ്യുമ്പോള്‍ പഞ്ചായത്ത് മേഖലകളില്‍ താമസിക്കുന്നവര്‍ ജില്ല പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും വോട്ടുകള്‍ വെവ്വേറെയാണ് പോസ്റ്റ് ചെയ്യേണ്ടത്.
പോളിങ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ആദ്യം മാസ്ക് ശരിയായി ധരിക്കുക. തുടര്‍ന്ന് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ വൃത്തിയായി രണ്ടു കൈകളും കഴുകിയശേഷം മാത്രം അവരുടെ മുന്നിലെത്താന്‍ ശ്രദ്ധിക്കണം. കവറുകള്‍ ഒട്ടിക്കുന്നതിനുള്ള പശ, പേന എന്നിവ കരുതുന്നതും അഭികാമ്യമാണ്.
മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 19ബി എന്ന അപേക്ഷ ഫോറം, ഫോറം 16ലുള്ള സത്യവാങ്മൂലം, ബാലറ്റ് അടങ്ങിയ ഫോറം 18, ചെറുതും വലുതുമായ കവറുകള്‍ എന്നിവ ഉള്‍പ്പെട്ട ഒരു സെറ്റായിരിക്കും വോട്ടര്‍മാരുടെ കൈവശം നല്‍കുക.
പഞ്ചായത്ത് മേഖലകളിലുള്ളവര്‍ക്ക് ഗ്രാമപഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ല പഞ്ചായത്തിലേക്കുമുള്ള ബാലറ്റുകളും ഫോറങ്ങളും ഉള്‍പ്പെട്ട മൂന്നു സെറ്റുകളാകും നല്‍കുക.
ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ ബാലറ്റിന് വെള്ള നിറമാണ്. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിേൻറതിന് പിങ്ക് നിറവും ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിേൻറതിന് നീല നിറവുമാണ്. മൂന്നു തലങ്ങളിലും ഉപയോഗിക്കുന്ന കവറുകള്‍ക്കും ഫോമുകള്‍ക്കും ഒരേ നിറമായിരിക്കും
വോട്ട് പിന്നീട് തപാലില്‍ അയയ്ക്കുകയാണെങ്കില്‍ ഡിസംബര്‍ 16ന് രാവിലെ എട്ടിന് മുമ്പ് റിട്ടേണിങ് ഓഫിസര്‍ക്ക് ലഭിക്കണം. വോട്ടുകള്‍ തപാലില്‍ അയയ്ക്കുന്നതിന് പണമടയ്ക്കുകയോ സ്റ്റാമ്പ് ഒട്ടിക്കുകയോ വേണ്ടതില്ല. താമസിച്ച് ലഭിക്കുന്ന വോട്ടുകള്‍ അസാധുവാകും. സ്പെഷല്‍ വോട്ടര്‍മാരുടെ ൈകയില്‍ മഷിയടയാളം രേഖപ്പെടുത്തുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.