തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ കസാഖ്സ്താനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ നാട്ടിലെത്തിക്കാനും നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
പചകവാതക വില ഇരട്ടിയാക്കിയതില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് കസാഖ്സ്താനിൽ കലാപമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. കലാപം രൂക്ഷമായതോടെ രാജ്യത്തെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും നിര്‍ത്തിവച്ചിരിക്കുകയാണ്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഇന്ത്യക്കാര്‍ കസാഖ്സ്താനിലുണ്ട്. ഇതില്‍ ഏറെയും മലയാളികളാണ്.
ജോലി തേടിയെത്തിയവരെ കൂടാതെ നിരവധി മലയാളി വിദ്യര്‍ഥികളുമുണ്ട്. ഇന്‍റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കിയതോടെ ഇവര്‍ക്ക് നാട്ടിലുള്ള ബന്ധുക്കളുമായി സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. ഇവരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും അടിയന്തിരമായി ഇടപെടണമെന്നും ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ ഹെല്‍പ് ഡെസ്‌ക് ഉടന്‍ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.