കൊച്ചി: നടൻ ദിലീപിനും അഭിഭാഷകനുമെതിരെ മൊഴിനൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ഹൈകോടതിയിൽ സൈബർ വിദഗ്ധന്റെ ഹരജി. നടിയെ ആക്രമിച്ച കേസിലെ ചില ദൃശ്യങ്ങൾ കണ്ടെന്നും ദിലീപും അഭിഭാഷകനും നിർബന്ധിച്ചപ്രകാരം ദിലീപിന്റെ ഫോണിൽനിന്ന് ഈ ദൃശ്യങ്ങൾ നശിപ്പിച്ചെന്നും മൊഴിനൽകാൻ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് കോഴിക്കോട് സ്വദേശിയായ സായ് ശങ്കറിന്റെ ഹരജി.
ഹരജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമൻ നോട്ടീസ് നൽകാതെ ചോദ്യംചെയ്യലിന് വിളിച്ചുവരുത്തരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഹരജി 21ന് പരിഗണിക്കാൻ മാറ്റി.
ദിലീപിനും അഭിഭാഷകനായ ബി. രാമൻപിള്ളക്കുമെതിരെ മൊഴി നൽകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും മേലുദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി സുദർശനനും പീഡിപ്പിക്കുന്നുവെന്നാണ് ഹരജിയിലെ ആരോപണം. എം.ബി.എ ബിരുദധാരിയായ ഹരജിക്കാരൻ സൈബർ ഫോറൻസിക് വിഭാഗത്തിൽ പരിജ്ഞാനമുള്ളയാളാണ്. ബൈജു പൗലോസിന് മുമ്പ് പല കേസുകളിലും സൈബർ ഫോറൻസിക് സംബന്ധമായ ഉപദേശങ്ങൾ നൽകിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുവിന്റെ വിവാഹ മോചനത്തിന് കാരണമായ സൈബർ തെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ച് ബൈജു പൗലോസിന് തന്നോട് പകയായെന്നും തുടർന്ന് കള്ളക്കേസിൽ കുടുക്കിയെന്നും ആരോപിക്കുന്നു. ഈ കേസുകളിൽ അഡ്വ. രാമൻപിള്ളയുടെ ഓഫിസിൽനിന്നാണ് ഹരജിക്കാരനുവേണ്ടി ഹാജരായത്. ഒരാളിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാരോപിച്ച് കള്ളക്കേസുണ്ടാക്കി 2015ൽ തന്നെ അറസ്റ്റ് ചെയ്തു. ജയിലിലായിരിക്കെ ഭാര്യ ആത്മഹത്യചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടെന്നും ഹരജിക്കാരൻ വ്യക്തമാക്കുന്നു.
രാമൻപിള്ളയുടെ ഓഫിസിൽവെച്ച് ചിലപ്പോഴൊക്കെ ദിലീപിനെ കണ്ടിട്ടുണ്ട്. അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഒരിക്കൽ ഫോണിൽനിന്ന് ഫോട്ടോകൾ പെൻഡ്രൈവിലാക്കി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കുറ്റസമ്മത മൊഴിനൽകാൻ നിർബന്ധിക്കുന്നതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.