തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് തൃശൂർ മേയർ എം.കെ. വർഗീസിനോടും തിരിച്ചുമുള്ള ‘ഇഷ്ടം’ ഒട്ടും കുറയുന്നില്ല. എൽ.ഡി.എഫിന്റെ പിന്തുണയോടെ കോർപറേഷൻ ഭരിക്കുന്ന, കോൺഗ്രസ് വിമതനായി ജയിച്ചുവന്ന മേയറുടെ ‘സുരേഷ് ഗോപി പ്രണയം’ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ എൽ.ഡി.എഫിന്റെ പരാജയകാരണങ്ങളിൽ ഒന്നായി സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർപോലും ആരോപിച്ചിട്ടും മേയർ പിന്നോട്ടില്ല.
കേന്ദ്രമന്ത്രിയായശേഷം തൃശൂരിൽ സുരേഷ് ഗോപി പങ്കെടുത്ത ആദ്യ പൊതുപരിപാടി വെള്ളിയാഴ്ച കോർപറേഷൻ 53ാം ഡിവിഷൻ അയ്യന്തോളിൽ ആയുഷ് മാൻ ഭാരത് അർബൻ ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനമായിരുന്നു. ഈ വേദിയിലാണ് സുരേഷ് ഗോപിയും മേയറും പരസ്പരം പ്രശംസ ചൊരിഞ്ഞത്. ‘മേയറുടെ രാഷ്ട്രീയം പൂർണമായും വേറെയാണ്. അതിനെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ, രാഷ്ട്രീയത്തിൽ നിന്നുകൊണ്ടുതന്നെ ഒട്ടുമേ ഇഷ്ടമില്ലാത്ത ഒരു രാഷ്ട്രീയ പക്ഷം നാമനിർദേശംചെയ്ത പ്രതിനിധിയായ ഞാൻ കൊണ്ടുവന്ന ന്യായമായ കാര്യങ്ങൾ ജനങ്ങളുടെ സൗഖ്യത്തിലേക്ക് എത്തിച്ചുകൊടുത്ത മേയറെന്ന നിലക്ക് എനിക്ക് അദ്ദേഹത്തെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നത്. അത് ഞാൻ ചെയ്തുകൊണ്ടിരിക്കും. ആരും അതിന് എതിരുനിൽക്കില്ല. എതിരു നിൽക്കുന്നവർ ആരാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. അവരെ നിങ്ങൾ കൈകാര്യം ചെയ്താൽ മതി’ -ഇതായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.
അടുത്ത ഊഴം അധ്യക്ഷത വഹിച്ച മേയറുടേത്. ‘തൃശൂരിന്റെ വികസനത്തിൽ വലിയ പ്രതീക്ഷയുള്ളയാളാണ് സുരേഷ് ഗോപി. വലിയ വലിയ സംരംഭങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനം പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ ജയിപ്പിച്ചത്. അതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനവും’ -മേയർ പറഞ്ഞു.
ഉദ്ഘാടനം ചെയ്ത ആയുഷ് മാൻ മന്ദിർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയാണെന്ന സുരേഷ് ഗോപിയുടെ പ്രസംഗത്തെക്കുറിച്ച് മേയർ മിണ്ടിയില്ലെങ്കിലും വിശിഷ്ടാതിഥിയായി പങ്കെടുത്ത കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി അതിനെ ഖണ്ഡിച്ചു. യു.പി.എ സർക്കാറിന്റെ കാലത്ത് വന്നതാണെന്നും നവീകരിച്ച് പേര് മാറ്റുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും റോസി തറപ്പിച്ചുപറഞ്ഞു. ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന സി.പി.ഐക്കാരനായ തൃശൂർ എം.എൽ.എ പി. ബാലചന്ദ്രനും സി.പി.എം പ്രതിനിധിയായ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. ഷാജനും സ്ഥിരം സമിതി ചെയർമാന്മാരും എത്തിയില്ല. ജില്ല വികസനസമിതിയിലെ കോർപറേഷൻ പ്രതിനിധി സി.പി. പോളി പങ്കെടുത്തു. ‘തൃശൂരിന്റെ എം.പിയാകാൻ സുരേഷ് ഗോപി ഫിറ്റാണ്’ എന്ന് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മേയർ പറഞ്ഞത് വിവാദമായിരുന്നു. ‘ചിലർ വാഗ്ദാനം മാത്രം നൽകി, സുരേഷ് ഗോപി പ്രഖ്യാപിച്ച മുഴുവൻ പണവും നൽകി. ജനങ്ങളുടെ ഇടയിൽ നിൽക്കുന്ന ആളാണ് അദ്ദേഹം’ എന്നും മുൻ എം.പി ടി.എൻ. പ്രതാപനെക്കൂടി ഉദ്ദേശിച്ച് മേയർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.