കൊച്ചി: തൃശൂർ പൂരം നടത്തിപ്പ് ജില്ല കലക്ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും നിയന്ത്രണത്തിലായിരിക്കണമെന്ന് ഹൈകോടതി. ഇതിന് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടം ഉണ്ടാകണം.
ആചാരപരമായ എല്ലാ ചടങ്ങുകളും പാലിച്ചായിരിക്കണം പൂരം നടത്തേണ്ടതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ പൊലീസ് കമീഷണർ അങ്കിത് അശോകിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ബി.ജെ.പി.നേതാവ് ബി.ഗോപാലകൃഷ്ണൻ അടക്കമുള്ളവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
മെയ് ആറ്, ഏഴ് തീയതികളിലാണ് തൃശൂർ പൂരം. ക്രമസമാധാനം ഉറപ്പാക്കാൻ ജില്ല പൊലീസ് മേധാവി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് കോടതി നിർദേശിച്ചു. പരിചയ സമ്പന്നരായ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയമിക്കണം. ആചാരങ്ങൾ പാലിക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉറപ്പാക്കണം. ഇക്കാര്യത്തിൽ ദേവസ്വങ്ങളുടെ ഏകോപിതമായ പ്രവർത്തനമുണ്ടാകണം. പൂരം നടത്തിപ്പിനായി നിയോഗിക്കേണ്ട വളന്‍റിയർമാരുടെ പട്ടിക തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഏപ്രിൽ 25നകം ജില്ല ഭരണകൂടത്തിന് കൈമാറണമെന്നും കോടതി നിർദേശിച്ചു.
പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.