തൃശൂർ പൂരം: കേന്ദ്ര നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാനത്തിന് ഉത്കണ്ഠ; മുഖ്യമന്ത്രി ​കത്തയക്കും

തിരുവനന്തപുരം: ഒക്ടോബര്‍ 11ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതി തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്‍റെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാൻ തീരുമാനിച്ചു.

മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കും

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണപ്രദേശത്തും എം.ഐ.സി.എഫ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനുവദിക്കും. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് അനുവദിക്കുക. മാലിന്യ സംസ്കരണ പ്ലാന്‍റകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയ മാതൃകയിലാവും ഇത്.

വയനാട് ദുരന്തം: ആധാരങ്ങൾക്കും ബാധ്യതാസര്‍ട്ടിഫിക്കറ്റിനും മുദ്ര വിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി

വയനാട് ദുരന്തത്തില്‍ നഷ്ടമായതോ/നശിച്ചുപോയതോ ആയ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബാധ്യതാസര്‍ട്ടിഫിക്കറ്റ് എന്നിവ ദുരന്തബാധിതര്‍ക്ക് സൗജന്യമായി നല്‍കുന്നതിന് മുദ്ര വിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കിയത് സാധൂകരിച്ചു.

രാജഗിരി ആശുപത്രിക്ക് ഭൂപരിധിയില്‍ ഇളവ്

എറണാകുളം രാജഗിരി ഹെല്‍ത്ത് കെയര്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റിന് ആശുപത്രി വികസനത്തിന് ഭൂപരിഷ്കരണ നിയമപ്രകാരം നിബന്ധനകളോടെ ഭൂപരിധിയില്‍ ഇളവ് അനുവദിക്കും.

എന്‍റെ കേരളം പോര്‍ട്ടല്‍

പൊതുജന സമ്പര്‍ക്കത്തിന്‍റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന് കീഴില്‍ എന്‍റെ കേരളം പോര്‍ട്ടല്‍ ആരംഭിക്കുന്നതിനും സ്പെഷ്യല്‍ സ്ട്രാറ്റജി ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടീമിനെ ഒരു വര്‍ഷത്തേക്ക് രൂപീകരിക്കുന്നതിനും സിഡിറ്റ് സമർപ്പിച്ച നിര്‍ദ്ദേശം അംഗീകരിച്ചു.

Tags:    
News Summary - thrissur pooram: kerala against pesa act amendments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.