അടിമാലി: ജില്ലയിലെ ആദ്യ ടോൾ പ്ലാസ ദേവികുളത്ത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ലാക്കാട് ഭാഗത്താണ് ടോൾ പ്ലാസ സ്ഥാപിച്ചിരിക്കുന്നത്. ദേശീയപാതയുടെ ഭാഗമായ മൂന്നാർ-ബോഡിമെട്ട് റോഡിന്റെ നിർമാണം ജനുവരിയിൽ പൂർത്തിയായെങ്കിലും ടോൾ പിരിവ് തുടങ്ങിയിരുന്നില്ല. ടോൾ ഈടാക്കുന്നതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയിരുന്നു. പ്രാദേശിക യാത്രക്കാർക്ക് പാസ് നൽകി നടപടി പൂർത്തിയാക്കിയ ശേഷമായിരിക്കും ടോൾപ്ലാസ തുറക്കുകയെന്നാണ് വിവരം.
തോട്ടം മേഖലയിൽ ടോൾ വരുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തൊഴിലാളികൾക്ക് പുറമെ വിനോദസഞ്ചാരികളാണ് ഈ പാത പ്രധാനമായി ഉപയോഗിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി, മൂന്നാർ എന്നിവിടങ്ങളുമായും തമിഴ്നാടുമായും ബന്ധിപ്പിക്കുന്ന ദേശീയ പാതയാണ് ഇത്. ചിന്നക്കനാൽ-മൂന്നാർ സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാതയായതിനാൽ ടോൾ വരുന്നതിൽ വലിയ എതിർപ്പും ഉയരുന്നു. ദേവികുളത്ത് ടോൾ പ്ലാസ പ്രവർത്തനം ആരംഭിക്കുന്നതോടെ ജില്ലയിലെ ആദ്യ ടോൾ പ്ലാസയാകും ലാക്കാട് ടോൾ പ്ലാസ. ബുധനാഴ്ച തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും കനത്ത മഴയെത്തുടർന്ന് ദേവികുളം ഗ്യാപ് റോഡ് തകർന്നതിനാൽ മാറ്റവെക്കുകയായിരുന്നു.
ആറ് വരിയിലായി വാഹനങ്ങൾ കടന്നുപോകുന്ന രീതിയിലാണ് ടോൾ പ്ലാസ ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ ഏഴ് ടിക്കറ്റ് കൗണ്ടറും സ്ഥാപിച്ചിട്ടുണ്ട്. കാർ, ജീപ്പ് -35, മിനിലോറി, മിനിബസ് -60, ബസ്, ട്രക്ക് -125, വ്യവസായിക വാഹനങ്ങൾ -135 , ഏഴോ അതിലധികമോ ആക്സിലുള്ള വലിയ വാഹനങ്ങൾക്ക് 240 എന്നിങ്ങനെയാണ് ഒരു വശത്തേക്ക് ടോൾ നിരക്ക് ഈടാക്കുക. ഒരു ദിവസത്തിനുള്ളിൽ മടങ്ങിപ്പോകുന്ന വാഹനങ്ങൾക്ക് നിരക്കിൽ ഇളവ് നൽകും. കൂടാതെ പ്രതിമാസ നിരക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലക്കകത്ത് രജിസ്റ്റർ ചെയ്ത വാണിജ്യവാഹനങ്ങൾക്ക് പ്രത്യേക ഇളവ് അനുവദിക്കും. കൂടാതെ ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്റർ ദൂരത്തിനുള്ളിൽ താമസിക്കുന്നവരുടെ വാണിജ്യവാഹനങ്ങൾക്ക് മാസം 340 രൂപ നിരക്കിൽ യാത്ര ചെയ്യാം.
2017 സെപ്റ്റംബറിലാണ് മൂന്നാർ-ബോഡിമെട്ട് റോഡിന്റെ പണി തുടങ്ങിയത്. 381.76 കോടി ചെലവഴിച്ചാണ് 42 കിലോമീറ്റർ റോഡിന്റെ വീതി കൂട്ടൽ ഉൾപ്പെടെ നിർമാണം പൂർത്തിയാക്കിയത്. നാലു മീറ്റർ മാത്രം വീതി ഉണ്ടായിരുന്ന റോഡ് 15 മീറ്റർ വീതിയിലാണ് പുനർനിർമിച്ചിരിക്കുന്നത്. ജനുവരിയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പാത നാടിന് സമർപ്പിച്ചു.
ടോൾ നൽകേണ്ടി വരുമെങ്കിലും ഉന്നത നിലവാരത്തിലുള്ള പാത ഇന്ധന ലാഭം നൽകുന്നതിനാൽ യാത്രക്കാർക്ക് അധിക ചെലവ് ഉണ്ടാകില്ലെന്നാണ് അധികൃതരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.