കോട്ടയം: പ്രാർഥനയോടെയുള്ള ഒന്നരവർഷത്തെ കാത്തിരിപ്പിനു വിരാമം. ഫാ. ടോം ഉഴുന്നാലിൽ കൊച്ചിയിലെത്തി. ബംഗ്ളൂരുവിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ അദ്ദഹത്തിന് വിമാനതാവളത്തിൽ സ്വീകരണം നൽകി. തുടർന്ന് അദ്ദേഹം വെണ്ണല ഡോൺ ബോസ്കോയിലേക്ക് പോകും. ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായ ശേഷം ആദ്യമായാണ് ഉഴുന്നാലിൻ കേരളത്തിലെത്തുന്നത്. അദ്ദേഹത്തെ സ്വീകരിക്കാൻ സർക്കാർ പ്രതിനിധികൾ എത്താത്തത് വിവാദമായി. ഫാ.ടോം ഉഴുന്നാലിനെ സ്വീകരിക്കാൻ മന്ത്രിമാർ എത്താത്തത് മോശമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
കൊച്ചിയിൽനിന്ന് വൈകീട്ട് നാലിന് പാലാ ബിഷപ്സ് ഹൗസിൽ എത്തുന്ന ഫാ. ടോമിനെ ബിഷപ്പുമാരായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.
തുടർന്ന് 5.30ന് ജന്മനാടായ രാമപുരം സെൻറ് അഗസ്റ്റിൻസ് പള്ളിയിൽ അദ്ദേഹത്തിെൻറ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി നടക്കും. തുടർന്ന് പൗരാവലിയുെടയും ഇടവകയുടെയും നേതൃത്വത്തിൽ സ്വീകരണവും ഒരുക്കും. ഇതിനുശേഷം രാത്രി എട്ടരയോടെയാകും രാമപുരത്തെ ജന്മഗൃഹത്തിലെത്തുക. കുടുംബത്തിലെ എല്ലാ അംഗങ്ങളും റോസാപ്പൂ നൽകിയാകും സ്വീകരിക്കുക. അമ്പതിലേറെ കുടുംബാംഗങ്ങളാകും ഇവിടെ ഒത്തുചേരുക. കുടുംബാംഗങ്ങൾ അച്ചനോടൊപ്പം ജപമാല ചൊല്ലി നന്ദിയർപ്പിക്കും.
അമ്മയുടെ വിയോഗവേളയിലാണ് അവസാനം ഫാ. ടോം നാട്ടിലും വീട്ടിലുമെത്തി മടങ്ങിയത്. ബന്ദിയാക്കപ്പെട്ട കാലത്ത് വിമോചന അഭ്യർഥനയുമായി കുടുംബാംഗങ്ങൾ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെ സന്ദർശിച്ചിരുന്നു. ഒന്നരവർഷമായി കുടുംബാംഗങ്ങൾ അഖണ്ഡ ജപമാലയും ഉപവാസ പ്രാർഥനകളുമായി കാത്തിരിക്കുകയായിരുന്നു. മോചിതനായശേഷം ഫാ. ടോം രാമപുരത്തെ ബന്ധുക്കളുമായി റോമിൽനിന്ന് ഫോണിൽ സംസാരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.