ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാനുള നീക്കം പുറത്തായ സംഭവം, ജയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടി കടുപ്പിക്കാൻ നീക്കം

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്കു ശിക്ഷയിളവ് നൽകാനുള്ള സർക്കാറിന്റെ രഹസ്യനീക്കം പൊളിഞ്ഞതിലുള്ള അമർഷം തീരുന്നില്ല.  ജയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടി കടുപ്പിക്കാൻ നീക്കം നടക്കുന്നതായി സൂചന. സർക്കാറിന്റെ നിയമ വിരുദ്ധമായ നീക്കം ജയിൽ ഉദ്യോഗസ്ഥർ വഴിയാണ് പുറത്തായതെന്ന സംശയത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്. 

90 ദിവസത്തിനപ്പുറം സസ്പെൻഷൻ നീട്ടാറില്ലെന്നിരിക്കെയാണ് ആറു മാസമായിട്ടും തിരിച്ചെടുക്കാത്തത്. തിരിച്ചെടുക്കണമെന്ന് അഭ്യർഥിച്ച് ഉദ്യോഗസ്ഥർ ജയിൽവകുപ്പ് മേധാവിക്കു സമർപ്പിച്ച അപേക്ഷ സർക്കാരിനു കൈമാറിയപ്പോഴാണ്, കടുത്ത നടപടിക്കു നിർദേശിച്ചത്. ഇതിനുസരിച്ച് ഇൻക്രിമെന്റും സ്ഥാനക്കയറ്റവും തടയാനാണ് സാധ്യത. 

കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ജില്ല പൊലീസ് മേധാവിക്കു കൈമാറിയ വിട്ടയക്കേണ്ടവരുടെ പട്ടികയാണ് ചോർന്നത്. കഴിഞ്ഞ ജൂണിൽ പട്ടിക കൈമാറിയ ജയിൽ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആറ് മാസം കഴിഞ്ഞിട്ടും സർക്കാർ പി്ൻവലിച്ചിട്ടില്ല. ഇവർക്കെതിരെ കടുത്ത ശിക്ഷാ നടപടിയെടുത്തു റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിരിക്കുകയാണ്. 

ജയിൽ ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായക്ക് ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറി കൈമാറിയ കത്തിന്റെ പകർപ്പ് പുറത്തായിരിക്കുകയാണ്. ടി.പി കേസ് പ്രതികൾ പട്ടികയിൽ ഉൾപ്പെട്ടതെങ്ങനെയെന്ന് സർക്കാർ ചിന്തിക്കുന്നില്ല. മറിച്ച്, പട്ടിക പുറത്തായതിന്റെ പേരിൽ മാത്രമാണു നടപടിക്കു മുതിരുന്നത്.

ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത് എന്നിവരാണു ശിക്ഷയിളവു പട്ടികയിലുണ്ടായിരുന്നത്. നീക്കം വിവാദമാതോടെ, കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്, അസി.സൂപ്രണ്ട് ബി.ജി.അരുൺ, അസി. പ്രിസൺ ഓഫിസർ ഒ.വി.രഘുനാഥ് എന്നിവരെ ജൂൺ 17നു മുഖ്യമന്ത്രി നേരിട്ടു സസ്പെൻഡ് ചെയ്തു.

ക്വട്ടേഷൻ കൊലപാതകം നടത്തിയവർക്കു സാധാരണഗതിയിൽ ഇളവു നൽകാനാകില്ല. രജീഷും ഷാഫിയും ഉൾപ്പെടെ ആറു പ്രതികൾക്ക് 20 വർഷത്തേക്കു ശിക്ഷയിളവ് നൽകരുതെന്നു ഫെബ്രുവരിയിൽ ഹൈകോടതി വിധിച്ചിരുന്നു. എന്നാൽ 2023 ജനുവരി 30നു പട്ടിക തയാറാക്കുമ്പോഴും, 2024 മെയ് 30ന് ഇതു പരിഷ്കരിച്ചപ്പോഴും ടി.പി കേസ് പ്രതികൾ ഉൾപ്പെട്ടു. സസ്പെൻഷനിലായ ഉദ്യോഗസ്ഥർ ഈ സമയത്തു ചുമതലയുണ്ടായിരുന്നവരല്ല.


Tags:    
News Summary - TP Chandrasekharan murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.