തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് കാരണം സംസ്ഥാന നേതൃത്വത്തിെൻറ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ റിപ്പോർട്ട്. മിസോറം ഗവർണറും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറുമായ അഡ്വ.പി.എസ്. ശ്രീധരൻപിള്ള മുഖേന തയാറാക്കിയതാണ് 16 പേജുള്ള രഹസ്യ റിപ്പോർട്ട്. സംസ്ഥാന നേതൃത്വത്തിനെതിരായ മറ്റ് ചില മുതിർന്ന നേതാക്കളുടെ പരാതികളും ദേശീയ നേതൃത്വത്തിന് മുന്നിലുണ്ട്. സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തുനിന്ന് കെ. സുരേന്ദ്രനെ മാറ്റുന്നനിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. വ്യക്തിതാൽപര്യവും കേന്ദ്രഭരണത്തിെൻറ പങ്കുപറ്റുന്നതിലും മാത്രമാണ് ഭൂരിപക്ഷം നേതാക്കൾക്കും താൽപര്യമെന്നാണ് റിപ്പോർട്ടിലുള്ളത്. വോട്ടു കച്ചവടം, ഡീൽ ആരോപണങ്ങൾ ഗൗരവമായിതന്നെ കാണണമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇത്തരമൊരു റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാൻ പാർട്ടി വൃത്തങ്ങൾ തയാറായിട്ടില്ല.
ബി.ജെ.പി വോട്ട് വിറ്റെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ ഉൾപ്പെടെയുള്ളവരുടെ ആരോപണം ഗൗരവമുള്ളതാണ്. വിജയസാധ്യതയുണ്ടായിരുന്ന പല സീറ്റുകളിലും ആത്മാർഥമായ പ്രവർത്തനമുണ്ടായില്ല. പാർട്ടി വോട്ടുകൾപോലും കൃത്യമായി പല സ്ഥാനാർഥികൾക്കും ലഭിച്ചില്ല. വോട്ട് മറിച്ചുവെന്ന് എൻ.ഡി.എ ഘടകകക്ഷികൾ ഉൾപ്പെടെ ആരോപിക്കുന്ന സ്ഥിതിയുണ്ടായി. കൈവശമുണ്ടായിരുന്ന ഒരു നിയമസഭാ സീറ്റുപോലും നിലനിർത്താൻ കഴിയാതിരുന്നതും നേതൃത്വത്തിെൻറ പിടിപ്പുേകടുമൂലമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റ് പോലും ലഭിക്കാത്തത് ചിലരുടെ ഉദാസീന സമീപനം കാരണമാണെന്നും റിപ്പോർട്ടിലുണ്ട്.
കൂടുതൽ സീറ്റുകളിൽ ജയിക്കുമെന്ന് ദേശീയ നേതൃത്വത്തെ തെറ്റിധരിപ്പിച്ച് കൂടുതൽ ഫണ്ട് നേടിയെടുക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്തതെന്നും ഫണ്ട് വിനിയോഗം സംബന്ധിച്ച് കണക്കുകൾ സൂക്ഷിച്ചിട്ടില്ലെന്നും ഒരുവിഭാഗം ദേശീയ നേതൃത്വത്തിന് വിവിധ നേതാക്കൾ നൽകിയ പരാതികളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.