കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പിൽ മുൻകൂട്ടി ആസൂത്രണം നടന്നെന്ന് ഉറപ്പിച്ച് പൊലീസ്. ആ നിലക്കാണിപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ, ആസൂത്രണം നടന്നത് എവിടെ, എപ്പോൾ, പിന്നിലാര് എന്നതിലൊന്നും ഇതുവരെ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി ഷാറൂഖ് സെയ്ഫി എന്തിനുവേണ്ടി എന്ന ചോദ്യത്തോട് മൗനം പാലിക്കുകയാണ്.
ശാഹീൻബാഗിലെ വീട്ടിൽ നിന്നിറങ്ങി ഡൽഹിയിൽനിന്ന് ഷൊർണൂരിൽ എത്തുകയും അവിടെനിന്ന് പെട്രോൾ വാങ്ങി ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറി എലത്തൂർ സ്റ്റേഷൻ വിട്ടതിനുപിന്നാലെ തീയിടുകയും ഇതേ ട്രെയിനിൽ കണ്ണൂരിലെത്തുകയും അവിടെനിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോവാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് മൊഴി. കേരളത്തിലേക്ക് എത്തിയത് സമ്പർക്ക ക്രാന്തി എക്സ്പ്രസിലും കേരളം വിട്ടത് മരുസാഗർ എക്സ്പ്രസിലുമാണ് എന്നാണ് അന്വേഷണസംഘം മനസ്സിലാക്കുന്നത്. രക്ഷപ്പെടലിനിടയിലാണ് മഹാരാഷ്ട്ര രത്നഗിരിയിൽ എത്തിയത് എന്നാണ് മൊഴി.
പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നാണെന്ന് സൂചന ലഭിച്ചപ്പോൾ തന്നെ അന്വേഷണസംഘം പമ്പിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഓട്ടോയിലെത്തി രണ്ട് കുപ്പിയിലായി പെട്രോൾ വാങ്ങി എന്നാണ് വിവരം. ഷൊർണൂർ, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൂർണമായും പൊലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്. പ്രതിയുമായി ആരെങ്കിലും ബന്ധപ്പെട്ടെങ്കിൽ അതിന്റെ സൂചനകൾ ദൃശ്യങ്ങളിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഷാറൂഖ് സെയ്ഫിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ പഴയ ചാറ്റുകൾ ഉൾപ്പെടെയുള്ളവയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടം പൂർത്തിയാക്കി ആക്രമണം നടന്ന ഡി വൺ, ഡി ടു കമ്പാർട്ട്മെന്റിലുൾപ്പെടെ തെളിവെടുപ്പിന് കൊണ്ടുപോവും. ആക്രമണത്തിന്റെ തീവ്രവാദ സ്വഭാവവും ഭീകര ബന്ധവും മറ്റുള്ളവരുടെ പങ്കും അന്വേഷിക്കാനുണ്ടെന്ന് കാണിച്ചാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. കേന്ദ്ര ഏജൻസികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.