കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കേരള പൊലീസിനെ വിമർശിച്ച് നേതാക്കൾ. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവരാണ് പ്രതി സംസ്ഥാനം വിട്ടത് പൊലീസിന്റെ ജാഗ്രതക്കുറവാണെന്ന് വിമർശനമുന്നയിച്ചത്. നേരത്തേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സമാന വിമർശനം ഉന്നയിച്ചിരുന്നു.
കേസിൽ കേരള പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നും പ്രതി കേരളം വിട്ടുപോയത് പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികളുണ്ടാവാത്തതിനാലാണെന്നും പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചശേഷം കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
പ്രതിയെ പിടിക്കുന്നതിൽ കേരള പൊലീസിന് വീഴ്ചപറ്റിയെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു. പ്രതി ഏറെനേരം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തങ്ങി യെന്നാണ് മനസ്സിലാക്കുന്നത്. ഈ സമയമെല്ലാം പൊലീസ് എവിടെയായിരുന്നു. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ കേരള പൊലീസിന് മൃദുസമീപനമുണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങിവെച്ചാൽ മതിയെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. കേസിൽ എൻ.ഐ.എ വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ല. ഒരു പ്രതി മാത്രം ഉൾപ്പെട്ട കുറ്റമല്ലിത്- സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.