പി.വി അൻവറിന് ബി.ജെ.പി ബന്ധമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം

പി.വി അൻവറിന് ബി.ജെ.പി ബന്ധമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം

കൊച്ചി: തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി പി.വി. അൻവറിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഓഡിനേഷൻ ചുമതലയുണ്ടായിരിക്കെ പഞ്ചായത്ത്​ അംഗത്തെ പണം നൽകി കാലുമാറ്റിച്ച് വയനാട് പനമരത്തും നിലമ്പൂർ ചുങ്കത്തറയിലും യു.ഡി.എഫിന് ഭരണം പിടിച്ചുനൽകി വിലപേശുകയാണ്​ അൻവറെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

യു.ഡി.എഫിൽ കയറാനുള്ള തന്ത്രമാണ് അൻവർ പയറ്റുന്നത്. യു.ഡി.എഫ് പ്രതീക്ഷ മങ്ങിയാൽ എൻ.ഡി.എക്കൊപ്പം പോകാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഡെമോക്രാറ്റിക് കേരള കോൺഗ്രസ് ചെയർമാനായ സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസിലെത്തിയത്.

സംസ്ഥാന അധ്യക്ഷൻ സി.ജി. ഉണ്ണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മമത ബാനർജിക്ക്​ പരാതി നൽകാൻ തീരുമാനിച്ചു. വാർത്തസമ്മേളനത്തിൽ വർക്കിങ്​ പ്രസിഡന്റ്‌ ഹംസ നെട്ടുക്കുഴി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലിസി എലിസബത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.കെ. അലി, സി.എം. രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി.വി അൻവർ ആദ്യം ഡി.എം.കെയിലേക്ക് ചേക്കേറാനാണ് ശ്രമിച്ചത്. എന്നാൽ, ഡി.എം.കെ പ്രവേശത്തിന് പച്ചക്കൊടി കാട്ടാതിരുന്നതോടെ അതേപേരിൽ തന്നെ സംഘടന രുപീകരിച്ച് അൻവർ പ്രവർത്തനം തുടങ്ങി. പിന്നീട് യു.ഡി.എഫിലേക്ക് എത്താനായിരുന്നു അൻവറിന്റെ ശ്രമം. ഇതിനായി മുസ്‍ലിം ലീഗ് നേതൃത്വവുമായി ഉൾപ്പടെ അൻവർ ചർച്ചകൾ നടത്തി. ഇതിനിടെ ​ഡി.എഫ്.ഒ ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പി.വി അൻവറിനെ അറസ്റ്റ് ചെയ്തതോടെ നിലമ്പൂർ എം.എൽ.എക്ക് പ്രതിപക്ഷത്ത് നിന്ന് കൂടുതൽ പിന്തുണ ലഭിച്ചു. അൻവറിന്റെ യു.ഡി.എഫ് പ്രവേശനം ഉടൻ ഉണ്ടാവുമെന്ന പ്രവചനങ്ങൾക്കിടയിലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്ക് എത്തുന്നത്.

Tags:    
News Summary - Trinamool Congress state leadership says PV Anwar has BJP connections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.