കോട്ടയം: ഇരട്ട സഹോദരങ്ങളായ കടുവാക്കുളം കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാന്‍റെയും നസീർ ഖാന്‍റെയും മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും. കോവിഡ് വ്യാപനത്തെതുടർന്ന് ജോലി പോയതിനാൽ കുറെനാളായി നിരാശരായിരുന്നു നസീറും നിസാറും. കൂലിപ്പണിക്ക് പോയിരുന്നെങ്കിലും അതും കിട്ടിയിരുന്നത് വല്ലപ്പോഴൂം മാത്രമായിരുന്നു. ഇതോടെയാണ് വീട് വാങ്ങാൻ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാതായത്. സഹകരണബാങ്കില്‍ ഇരുവർക്കും 12 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു
ബാങ്കുകാർ വീട്ടിൽ വന്നത് നസീറിനെയും നിസാറിനെയും മനോവിഷമത്തിലാക്കിയിരുന്നു. സംഭവത്തെതുടർന്ന് ഇരുവരും അധികം പുറത്തിറങ്ങിയിരുന്നില്ല. വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചാൽ നാണക്കേടാവുമെന്ന് ഇരുവരും കൂട്ടുകാരോട് പറയുമായിരുന്നത്രെ. എന്നാൽ ജീവനൊടുക്കാൻ തക്ക മാനസിക വിഷമത്തിലായിരുന്നു ഇവരെന്ന് ആരും തിരിച്ചറിഞ്ഞില്ല.
''ജപ്തി നോട്ടീസ് പതിച്ചാൽ കുറച്ചിലാണുമ്മാ എന്ന് എന്നോട് പല തവണ പറഞ്ഞതാ. വീട് വിറ്റ് കടം വീട്ടാം മക്കളേ എന്ന് പറഞ്ഞിട്ടും എന്തിനാ ഇത് ചെയ്തത്'' എന്നുചോദിച്ച് പൊട്ടിക്കരയുകയാണ് നസീറിെൻറയും നിസാറിെൻറയും ഉമ്മ ഫാത്തിമാബീവി. 'ബാങ്കിന്ന് കഴിഞ്ഞയാഴ്ചയും വന്ന് ലോണടക്കാൻ പറഞ്ഞ്. വീട് വേണ്ടാട്ടാ... വിറ്റിട്ട് പൈസ എടുത്തോ, ബാങ്കിലെടുത്തോ.... ഞാന് മക്കളട്ത്ത് പറഞ്ഞതാ, വീട് വിറ്റോളാൻ. വീട് വിറ്റ് കടം വീട്ടാൻ.. എനിക്കീ വീട് വേണ്ടാ.. എന്‍റെ മക്കള് വേണം... വീട് വിറ്റ് പൈസ ബാങ്കെടുത്തോ... എനിക്കെന്‍റെ മക്കള് വേണം... മക്കള് വേണം...' മക്കളുടെ വേർപാടിൽ മനംനൊന്ത, മക്കളുടെ പേര് ചൊല്ലിവിളിച്ച് അലമുറയിടുന്ന ഫാത്തിമാബീവിയെ ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയാണ് നാട്ടുകാരും അയൽവാസികളും.
ഞായറാഴ്ച പകലെല്ലാം ഇരുവരും വീട്ടിലുണ്ടായിരുന്നു. രാത്രി ഉമ്മയും മക്കളും ചേർന്നിരുന്നാണ് ടി.വിയിൽ 'ബിഗ്ബോസ്' പരിപാടി കണ്ടത്. തുടർന്ന് സന്തോഷത്തോടെയാണ് മുറ്റത്തുതന്നെയുള്ള രണ്ടാമത്തെ വീട്ടിലേക്ക് കിടക്കാൻപോയതെന്ന് ഉമ്മ പറയുന്നു. പരസ്പരം വലിയ സ്നേഹമായിരുന്നു ഇരട്ട സഹോദരൻമാർ തമ്മിൽ. ഒരുമിച്ചായിരുന്നു എപ്പോഴും.
തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് ഫാത്തിമ ബീവി. പത്തുവർഷത്തിലേറെ നാട്ടകം സിമൻറ് കവലക്കടുത്ത് വാടകക്ക് താമസിച്ചിരുന്നു. തുടർന്ന് മൂന്നുവർഷം മുമ്പാണ് കടുവാക്കുളത്തെത്തിയത്. നാട്ടുകാർക്ക് ഇവരുടെ ബന്ധുക്കളെകുറിച്ചോ സ്വദേശത്തെകുറിച്ചോ കാര്യമായ അറിവില്ല. വിവാഹിതരായ സഹോദരികൾ ഉണ്ടെന്നു മാത്രമേ അറിയൂ. ഈ വീട്ടിലേക്ക് അവരൊന്നും വന്നിട്ടില്ലെന്നും അയൽക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.