വൈക്കം: കുടുംബത്തിലെ ആറുപേർ സഞ്ചരിച്ച വള്ളം മുങ്ങി യുവാവും നാലുവയസ്സുകാരനും മരിച്ചു; എട്ട് വയസ്സുകാരിയുടെ നില ഗുരുതരം. വള്ളത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെയും എട്ടു വയസ്സുകാരിയെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഉദയനാപുരം പഞ്ചായത്ത് അംഗം ചെട്ടിമംഗലം കലശക്കരിയിൽ പുത്തൻതറയിൽ ദീപേഷിന്‍റെ മകൻ ഇവാൻ (നാല് ), ഭാര്യാ സഹോദരൻ ശരത് (ഉണ്ണി -33) എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട ദീപേഷിന്‍റെ മൂത്തമകൾ ഇതിക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെ തലയാഴം പഞ്ചായത്ത് മൂന്നാം വാർഡ് ചെട്ടിക്കരിക്ക് സമീപം കരയാറിന്‍റെ നടുഭാഗത്താണ് വള്ളം മറിഞ്ഞത്. തോട്ടകം ചെട്ടിക്കരിയിൽ മാധവന്‍റെ മരണവിവരമറിഞ്ഞ് മകൻ ശശി, ഭാര്യ അംബിക, മക്കളായ ശാരി, ശരത്, ശാരിയുടെ മക്കളായ ഇതിക, ഇവാൻ എന്നിവരുമായി എൻജിൻ ഘടിപ്പിച്ച ചെറുവള്ളത്തിൽ കൊടിയാട് ഭാഗത്തുനിന്ന് ചെട്ടിക്കരിയിലേക്ക് വരുമ്പോഴായിരുന്നു അപകടം.
വള്ളം മറിഞ്ഞയുടൻ കൊടിയാട് ഭാഗത്ത് കരയാറിന്‍റെ തീരത്തുതാമസിക്കുന്ന ബാബു, ചെട്ടിക്കരി സ്വദേശികളായ മധു, അനിക്കുട്ടൻ തുടങ്ങിയവരും വള്ളം തുഴഞ്ഞ ശശിയും ചേർന്ന് അംബിക, ശാരി, എട്ടു വയസ്സുകാരി ഇതിക എന്നിവരെ ആദ്യം കരക്കെത്തിച്ചു. ഏതാനും മിനിറ്റ് കഴിഞ്ഞാണ് ഇവാനെയും ശരത്തിനെയും കണ്ടെത്താനായത്.
നാട്ടുകാരും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ചേർന്ന് മൂന്നുപേരെയും ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവാനെയും ശരത്തിനെയും രക്ഷിക്കാനായില്ല. വൈക്കത്ത് പ്രഥമ ശുശ്രൂഷക്കുശേഷം ഇതികയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിന്‍റെ ഭാര്യ മീനു. മകൾ: ഇതൾ. മൃതദേഹങ്ങൾ വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പൊലീസ് മേൽ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.