വയനാടിന് സഹായം നൽകാത്തതിന് പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച് യു.ഡി.എഫ്-എൽ.ഡി.എഫ് എം.പിമാർ

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ പാർലമെന്റിന് മുന്നിൽ യു.ഡി.എഫ്-എൽ.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. വയനാടിന് സ്​പെഷ്യൽ പാക്കേജെന്ന ആവശ്യം കേന്ദ്രസർക്കാർ നിരസിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്തയച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

ഹിമാചലിലും കേരളത്തിന് സമാനമായി വലിയ ദുരന്തമുണ്ടായി. അവിടെയും കോൺഗ്രസ് സർക്കാറാണ് ഭരണം നടത്തുന്നത്. അവരും കേന്ദ്രസർക്കാറിൽ നിന്ന് സഹായം അഭ്യർഥിക്കുകയാണ്. രണ്ട് സംഭവങ്ങളിലും രാഷ്ട്രീയപ്രേരിതമായി സഹായം നിഷേധിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അവരും ഇന്ത്യയിലെ പൗരൻമാരാണ്. ​പ്രകൃതി ദുരന്തത്തിൽ വിവേചനം പാടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ കൃത്യമായ കണക്കുകൾ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ സഹായം തടയുകയായിരുന്നു. പുനരധിവാസത്തിന്റെ പ്രവർത്തനങ്ങൾക്കാണ് ആവശ്യമായ പണം എസ്.ഡി.ആർ.എഫിൽ ഉണ്ടെന്നായിരുന്നു ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ വിശദീകരണം. തുടർന്ന് സംസ്ഥാന സർക്കാർ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ വ്യക്തത വരുത്തിയിരുന്നു.

21 കോടി രൂപയാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് തൊട്ടുപിന്നാലെ എസ്.ഡി.ആർ.എഫിൽ നിന്ന് നല്‍കിയത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്.ഡി.ആർ.എഫിൽ നിന്ന് ഇനി നല്‍കാനാവുന്നത് ആകെ 77.9 കോടി രൂപയാണ്. ഇതില്‍ ദുരിതാശ്വാസ സഹായമായി 28.95 കോടി രൂപ നല്‍കാനാവും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 49.04 കോടി രൂപയും നല്‍കാനാവും. ഡിസംബര്‍ 10ലെ ബാലന്‍സ് അനുസരിച്ച് 700 കോടി രൂപ എസ്.ഡി.ആർ.എഫിൽ ബാക്കിയുണ്ട്. ഇതില്‍ 638.95 കോടി രൂപ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് നല്‍കാനുണ്ട്. വേനല്‍ക്കാലം നേരിടാനായി ഫണ്ടില്‍ ബാക്കിയുള്ളത് 61.53 കോടി രൂപയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി

Tags:    
News Summary - UDF-LDF MPs protest in front of Parliament over non-grant of aid to Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.