തിരുവനന്തപുരം: എസ്.എസ്.എൽ.സി ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷക്ക് മുമ്പ് യൂട്യൂബ് ചാനലിൽ അടക്കം പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന ഡി.ജി.പി, സൈബർ സെൽ എന്നിവർക്ക് പരാതി നൽകും.
പ്ലസ് വൺ, പ്ലസ് ടു ക്രിസ്മസ് മോഡൽ പരീക്ഷകളുടെ ചോദ്യപേപ്പർ എസ്.സി.ഇ.ആർ.ടി വർക്ക്‌ഷോപ്പ് നടത്തിയാണ് നിശ്ചയിക്കുന്നത്. രണ്ട് സെറ്റ് ചോദ്യപേപ്പറാണ് തയാറാക്കുക. അതിൽ ഒരു സെറ്റ് തെരഞ്ഞെടുത്ത് സംസ്ഥാനത്തിന് പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസ്സിൽ പ്രിന്റ് ചെയ്ത് അവർ തന്നെ 14 ജില്ല കേന്ദ്രങ്ങളിൽ എത്തിക്കും. അവിടെ നിന്നു പ്രിൻസിപ്പൽമാർ ഇവ ശേഖരിക്കും.
എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ചോദ്യപേപ്പറുകൾ വിവിധ ഡയറ്റുകളാണ് തയാറാക്കുന്നത്. രണ്ട് സെറ്റ് ചോദ്യപേപ്പറാണ് തയാറാക്കുക. അതിൽ ഒന്ന് തെരഞ്ഞെടുത്ത് എസ്.എസ്.കെ വഴി പ്രസ്സിലേക്ക് അയക്കും. പ്രസ്സിൽ നിന്നു വിവിധ ബി.ആർ.സികളിലേക്കും അവിടെ നിന്നു സ്‌കൂളുകളിലേക്കും എത്തും. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെയുള്ള പരീക്ഷ പേപ്പർ എസ്.എസ്.കെ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച് രണ്ട് സെറ്റ് തയാറാക്കുന്നു.
അതിൽ ഒന്ന് തെരഞ്ഞെടുത്ത് പ്രസ്സിലേക്കും തുടർന്ന് പ്രിന്റ് ചെയ്ത് ബി.ആർ.സികളിലേക്കും വിതരണം ചെയ്യുന്നു. ഇതിനേക്കാൾ കർശനമായ രീതിയിലാണ് പൊതുപരീക്ഷകൾ നടക്കുന്നത്. ഹയർ സെക്കൻഡറി രണ്ടാം വർഷത്തിന് അഞ്ച് സെറ്റ് ചോദ്യപേപ്പറുകളും എസ്.എസ്.എൽ.സിക്ക് നാല് സെറ്റ് ചോദ്യപേപ്പറുകളുമാണ് തയാറാക്കുന്നത്.
സംസ്ഥാനത്തിന് പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസ്സിലാണ് പ്രിന്റ് ചെയ്യുന്നത്. എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ ഡി.ഇ.ഒ ഓഫിസിലേക്കും പ്ലസ് ടു ചോദ്യപേപ്പറുകൾ പരീക്ഷാ സെന്ററുകളിലേക്കുമാണ് എത്തിക്കുന്നത്.
ചോദ്യപേപ്പർ നിർമാണം, വിതരണം തുടങ്ങിയ മേഖലകളിലെല്ലാം അതീവ സുരക്ഷാ നടപടിക്രമങ്ങൾ കൈക്കൊള്ളാറുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്നത് അതീവ ഗൗരവമായിട്ടുള്ള സംഭവ വികാസമാണ്. ഇക്കാര്യത്തിൽ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. കുട്ടികളുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിധ വിട്ടുവീഴ്ചകളും പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുകയില്ലെന്നും ഡയറക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.