മലമ്പുഴ: യു.ഡി.എഫ് മലമ്പുഴ മണ്ഡലം ജനതാദളിന് വിട്ടുനൽകിയതിനെതിരെ വിമർശനം. 2016ൽ നേമത്ത് ഒ. രാജഗോപാലിനെതിരെ ദുർബല സ്ഥാനാർഥിയെ നിർത്തിയ അതേ നടപടിയാണ് മലമ്പുഴയിലും ആവർത്തിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. ബി.ജെ.പിയെ സഹായിക്കാനാണ് നീക്കമെന്നും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയരുന്നു.
2016ൽ മലമ്പുഴയിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇവിടെ യു.ഡി.എഫ് ശക്തനായ സ്ഥാനാർഥിയെ നിർത്താത്തത് ബി.ജെ.പിയെ സഹായിക്കാനുള്ള നീക്കമാണെന്നും ആരോപിക്കുന്നു.
2011ൽ നേമത്ത് ഒ. രാജഗോപാൽ മത്സരിക്കാനെത്തിയപ്പോൾ കോൺഗ്രസ് സിറ്റിങ് സീറ്റ് എസ്.ജെ.ഡിക്ക് വിട്ടുനൽകുകയായിരുന്നു.ഇതോടെ ഒ. രാജഗോപാൽ മണ്ഡലത്തിൽ രണ്ടാമെതത്തി. സി.പി.എമ്മിന്‍റെ വി. ശിവൻകുട്ടിയാണ് അന്ന് വിജയിച്ചത്. എന്നാൽ 2016ലെ തെരഞ്ഞെടുപ്പിൽ ജനദാതൾ (യു)വിന്‍റെ വി. സുരേന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഇതോടെ ഒ. രാജഗോപാൽ ജയിച്ചുകയറുകയായിരുന്നു. ഒ.രാജഗോപാലിന് 67,813 വോട്ടുകളും വി. ശിവൻകുട്ടിക്ക് 59,142 വോട്ടുകളും ലഭിച്ചു. കോൺഗ്രസിന് ലഭിച്ചത് 13,860 വോട്ടുകൾ മാത്രമാണ്. 2011ലെ തെരഞ്ഞെടുപ്പിൽ 20,248 വോട്ട് കിട്ടിയ യു.ഡി.എഫിനാണ് 13,860 വോട്ടിലേക്ക് ഒതുങ്ങേണ്ടിവന്നത്.
എൽ.ഡി.എഫിന് 2011ൽ 50,076 വോട്ടുകളും 2016ൽ 59,142 വോട്ടുകളും ലഭിച്ചു. കോൺഗ്രസിന്‍റെ പിന്തുണയോടെയാണ് നേമത്ത് ബി.ജെ.പി ജയിച്ചതെന്ന ആരോപണം മലമ്പുഴയിലെ ബി.ജെ.പിയുടെ നടപടിയോടെ ശക്തമാകുകയാണ്.
2016ൽ മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദൻ 73,299 വോേട്ടാടെയാണ് ജയിച്ചത്. ആ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാറിന് 46,157 വോട്ടുകളും കോൺഗ്രസ് നേതാവ് വി.എസ്. ജോയി 35,333 വോട്ടുകളും നേടി.
ഇത്തവണ വി.എസ്. അച്യുതാനന്ദൻ മലമ്പുഴയിൽ മത്സരിക്കാനില്ലാത്ത സാഹചര്യത്തിൽ സി.പി.എം നേതാവ് എ. പ്രഭാകരനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. അച്യുതാനന്ദൻ ഇല്ലാത്ത സാഹചര്യത്തിൽ മലമ്പുഴയിൽ യു.ഡി.എഫ് കരുത്തനായ സ്ഥാനാർഥിയെ നിർത്തണമെന്നാണ് ഉയരുന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.