സമുദായ സംവരണത്തിനും സാമുദായിക സംഘടനകൾക്കുമെതിരെ പ്ലസ്‍വൺ പാഠപുസ്തകം; സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ നിർദേശം

തിരുവനന്തപുരം: ഭരണ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പിന്നാക്ക, ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമുദായിക സംവരണത്തിനെതിരെ പ്ലസ് വൺ പാഠപുസ്തകത്തിൽ പരാമർശം. വർഗീയത ഇല്ലാതാക്കാൻ സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്നാണ് പ്ലസ് വൺ സ്റ്റേറ്റ് സിലബസിലെ ഹ്യൂമാനിറ്റീസ് ‘സാമൂഹ്യ പ്രവർത്തനം’ എന്ന വിഷയത്തിലെ പാഠഭാഗത്തിൽ നിർദേശിക്കുന്നത്.

വിദ്യാർഥികളിൽ വർഗീയതക്കെതിരെ അവബോധം സൃഷ്ടിക്കാനുള്ള പാഠത്തിൽ ഗുണപരമായ ഏതാനും കാര്യങ്ങൾക്കിടയിലാണ് ആസൂത്രിത അജണ്ടക​ളോടെയുള്ള ഭാഗങ്ങളും തിരുകിക്കയറ്റിയത്. വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിന് ഏറെ സംഭാവന ചെയ്ത സാമുദായിക സംഘടനകളെ അടച്ചാക്ഷേപിക്കുന്ന പരാമർശങ്ങളും പാഠത്തിലുണ്ട്. സാമുദായിക സംഘടനകൾ സാമൂഹ്യ സാംസ്കാരിക വികസനത്തിന് ഭീഷണിയാകുമെന്നും അക്രമവും സാമൂഹ്യ അരാജകത്വവും സമൂഹത്തിൽ മുന്നിട്ടുനിൽക്കുമെന്നും ഇതിൽ വിവരിക്കുന്നു.


പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്‌ഠിക്കുന്നതിന് നിർബന്ധം ഒഴിവാക്കണമെന്നും പുസ്തകം നിർദേശിക്കുന്നു. പാരസ്പ‌രിക മതപഠനവും ആരാധനയും പ്രോത്സാഹിപ്പിക്കുക, രാഷ്ട്രീയത്തിൽ നിന്ന് മത വിശ്വാസത്തെ മാറ്റിനിർത്തുക എന്നിവയും വർഗീയതക്കുള്ള പരിഹാരമാർഗമായി പറയുന്നു.

സോഷ്യൽ വർക്ക് വിഷയം ഓപ്ഷനായി എടുത്ത കുട്ടികൾക്കായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) 2019ൽ തയ്യാറാക്കിയതാണ് ഈ പുസ്തകം. ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികളെ കഴിഞ്ഞ അഞ്ചു വർഷമായി ഇത് പഠിപ്പിക്കുന്നുണ്ട്. സാമുദായിക സംവരണത്തിനെതിരെയുള്ള പരാമർശങ്ങൾക്ക് പിന്നിൽ സവർണ ഉദ്യോഗസ്ഥ ലോബിയാണെന്നാണ് ആക്ഷേപം.


വർഗീയതയുടെ പരിണിത ഫലങ്ങളെക്കുറിച്ചാണ് പാഠഭാഗത്തിൽ ആദ്യം വിവരിക്കുന്നത്. വർഗ്ഗീയതയുടെ പരിണിതഫലങ്ങൾ പ്രവചനാതീതമാണെന്നും സാമൂഹ്യ ഐക്യം സ്ഥ‌ിരമായും തകരാറിലായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. തുടർന്നാണ്, സാമുദായിക സംഘടനകൾ സാമൂഹ്യ സാംസ്കാരിക വികസനത്തിന് ഭീഷണിയാകുമെന്നും അക്രമവും സാമൂഹ്യ അരാജകത്വവും സമൂഹത്തിൽ മുന്നിട്ടുനിൽക്കു​െമന്നും പറയുന്നത്.

വർഗീയ വിപത്ത് നിയന്ത്രിക്കുന്നതിനുള്ള എട്ട് പരിഹാര മാർഗങ്ങളുടെ കൂട്ടത്തിലാണ് അഞ്ചാമതായി സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ നിർദേശിക്കുന്നത്. രാഷ്ട്രീയത്തിൽ നിന്ന് മതവിശ്വാസത്തെ ഒഴിവാക്കുക, സാമുദായിക തീവ്ര വികാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുക, ദേശീയ ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നൽകുന്ന ദേശീയ ആഘോഷങ്ങളെ പ്രോൽസാഹിപ്പിക്കുക, അന്യ വിശ്വാസങ്ങളെ മനസ്സിലാക്കുന്നതിനും സഹിഷ്‌ണുതയ്ക്കും പ്രോത്സാഹനം നൽകുക, സമൂഹത്തിൽ സമാധാന സമിതികൾ രൂപീകരിക്കുക തുടങ്ങിയവയാണ് മറ്റ് പരിഹാരങ്ങളായി പറയുന്നത്.

നിയമ വിരുദ്ധ പാഠഭാഗങ്ങൾ എസ്.സി.ഇ.ആർ.ടിയുടെ ഇംഗ്ലീഷ് പുസ്തകത്തിൽനിന്നും വെബ് സൈറ്റിൽനിന്നും ഉടൻ നീക്കം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്ന് സംസ്ഥാന പിന്നാക്കവികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി ആവശ്യപ്പെട്ടു. ‘പുരോഗമന’ ഇടതു സർക്കാർ തയ്യാറാക്കിയ പാഠപുസ്തകത്തിലാണ് ഈ പരാമർശമെന്നും പാഠപുസ്തകങ്ങളിലൂടെയും സവർണതാത്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമമെന്നും ആക്ടിവിസ്റ്റ് സുദേഷ് എം. രഘു ചൂണ്ടിക്കാട്ടി. 

Tags:    
News Summary - unconstitutional remarks in Plus One textbook against Community reservation, suggests financial reservation as solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.