കൽപറ്റ: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വയനാട്ടിൽ വനമേഖലയിലൂടെയും വനപരിസരങ്ങളിലൂടെയുമുള്ള അനാവശ്യ യാത്രകളും രാത്രിയാത്രയും ഒഴിവാക്കണമെന്ന മന്ത്രി ഒ.ആർ. കേളുവിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് വയനാട് പ്രകൃതി സംരക്ഷണ സമിതി. വയനാട്ടിലെ സ്ഥിതിഗതികളുടെ സത്യാവസ്ഥ അറിയുന്ന ഒരു ഭരണാധികാരിയുടെ സത്യസന്ധവും സധൈര്യവുമായ നിലപാടെന്ന നിലയിൽ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
വനത്തിനും വന്യജീവികൾക്കും വനം വകുപ്പുജീവനക്കാർക്കും എതിരെ വിദ്വേഷവും കിംവദന്തികളും പ്രചരിപ്പിക്കുന്ന കർഷക രക്ഷാ വേഷം കെട്ടിയ സ്വതന്ത്ര കർഷക സംഘനകളേയും ചില മത സംഘടനകളെയും തുറന്നു കാണിക്കാൻ കേളുവിനെപ്പോലുള്ള അധികാരികൾ രംഗത്തുവരണം. മാന്യമായും അന്തസ്സായും ജോലി ചെയ്യാനുള്ള മൗലികാവകാശം ലോകമാകെ അംഗീകരിക്കപ്പെട്ടതാണെങ്കിലും വയനാടടക്കമുള്ള വനമേഖലയിൽ വനം വകുപ്പ് ജീവനക്കാർക്ക് ഒരു കൂട്ടർ അത് നിഷേധിച്ചിരിക്കുന്നു. ഡി.എഫ്.ഒമാരുടെയും റെയിഞ്ചർമാരുടെയും ഓഫിസിൽ നാലോ അഞ്ചോ പേർ ചേർന്ന് നിവേദനം നടത്തുകയും വന്യജീവി പ്രശ്നം പരിഹരിക്കാനുള്ള നിർദേശം ചർച്ച ചെയ്യുകയും ചെയ്യുന്നതിന്റെ ഫോട്ടോകൾ എടുത്ത് ഓഫീസറെ ബന്ധിയാക്കി തീരുമാനമെടുപ്പിച്ചെന്ന കള്ളവാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പരിഹാസ്യമായ രീതി വയനാട്ടിൽ അടുത്തകാലത്ത് കൂടി വരികയാണ്.
വയനാട്ടിൽ തഴച്ചു വളരുന്ന അനിയന്ത്രിത ടൂറിസം കാടിനുള്ളിലും വനമേഖലയിലും നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ നിരോധിതമേഖലയെന്നോ വ്യത്യാസമില്ലാതെ ടൂറിസ്റ്റുകൾ അഴിഞ്ഞാടുകയാണ്. കാട്ടിനുള്ളിലൂടെയുള്ള റോഡിൽ നിയമവിരുദ്ധ ട്രക്കിങ്ങും രാത്രികാല സഫാരികളും യഥേഷ്ടം നടക്കുന്നു. ഇതെല്ലാം വന്യജീവി പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. അത്തരം പ്രവൃത്തികൾ അവസാനിപ്പിക്കാനും മന്ത്രി മുൻകൈയെടുക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സമിതി യോഗത്തിൽ എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, എ.വി. മനോജ്, എൻ. ബാദുഷ, തോമസ് അമ്പലവയൽ, സി.എ. ഗോപാലകൃഷ്ണൻ, പി.എം. സുരേഷ്, ഒ.ജെ. മാത്യു, സണ്ണി മരക്കടവ്, രാധാകൃഷ്ണലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.