കൊല്ലം: മിത്ത് വിവാദത്തിൽ രൂക്ഷമായ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. മറ്റു മതങ്ങളെ നാം കണ്ടു പഠിക്കണമെന്നും അവരുടെ ആചാരങ്ങളെയോ ദൈവത്തെയോ കുറിച്ച് പറയാൻ ആരും ധൈര്യപ്പെടില്ലെന്നും ഉണ്ണി മുകുന്ദൻ തുറന്നടിച്ചു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയിൽ നടന്നതൊന്നും പറയേണ്ടല്ലോ. നാളെ കൃഷ്ണൻ മിത്താണെന്നു പറയും. മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ ഒരു മിത്താണെന്ന് പറയും. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. മറ്റു മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ പറയാൻ ആർക്കും ഒന്നും ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. ആർക്കും എന്തും പറയാൻ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ'- ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഇനിയെങ്കിലും ഇത്തരം വിഷയത്തിൽ കുറഞ്ഞത് നിങ്ങൾക്ക് വിഷമം ഉണ്ടായെങ്കിലും പറയണം. ഇതൊരു ഓർമപ്പെടുത്തലാണെന്നും ഉണ്ണി മുകുന്ദൻ സൂചിപ്പിച്ചു.
തൂണിലും തുരുമ്പിലും ഹനുമാൻ സ്വാമിയുണ്ടെന്ന് പറയുമ്പോൾ, സാങ്കേതികവിദ്യയുടെ കാലത്ത് കേൾക്കുമ്പോൾ ചിലർക്ക് ചിരി വരും. ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ, ആരെങ്കിലും സഹായിക്കാൻ വരുമെന്നും പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപമാണ് ദൈവം എന്നത് എനിക്കു നല്ല ബോധമുണ്ട്. ആ ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണമെന്ന് പ്രാർഥിക്കുകയാണെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.