ന്യൂഡൽഹി: ഉത്തർപ്രദേശിൽ 19കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ഭീം ആർമി പ്രവർത്തകരുടെ പ്രതിഷേധം. ഡൽഹിയിലെ ആശുപത്രിക്ക് മുമ്പിൽ മുദ്രാവാക്യങ്ങളുമായെത്തിയ പ്രവർത്തകർ റോഡ് ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു.
സെപ്റ്റംബർ 14ന് വൈകീട്ട് കുടുംബാംഗങ്ങൾക്കൊപ്പം പുല്ലുവെട്ടാൻ പോയ ദലിത് പെൺകുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ് വയലിനരികിൽ അബോധാവസ്ഥയിൽ കിടക്കുന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. അലിഗഢിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് വിദഗ്ധ ചികിത്സക്കായി ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെൺകുട്ടിയുടെ നാവ് അക്രമികൾ മുറിച്ചെടുത്തിരുന്നു. ശരീരത്തിൽ മാരക മുറിവുകളുണ്ടായിരുന്ന പെൺകുട്ടിയുടെ സുഷുമ്ന നാഡിക്ക് പരിക്കേറ്റിരുന്നതായും ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമായി. 2012ലെ നിർഭയ മോഡൽ കൊലപാതകത്തിനോട് ഉപമിച്ച് നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തി.
പെൺകുട്ടിയെ ആക്രമിച്ചവർക്ക് വധശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീം ആർമി പ്രവർത്തകരുടെ പ്രതിഷേധം. ഡൽഹി ആശുപത്രിക്ക് മുമ്പിലെ റോഡ് ഗതാഗതം തടസപ്പെടുത്തുകയും പ്ലക്കാർഡുകളും മെഴുകുതിരികളുമായി പ്രവർത്തകർ അണിനിരക്കുകയുമായിരുന്നു. പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ നൽകാൻ വൈകിയതായും പൊലീസ് ആദ്യഘട്ടത്തിൽ നടപടി സ്വീകരിച്ചില്ലെന്നും പ്രവർത്തകർ ആരോപിച്ചു. പൊതുജന പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് സഹായത്തിനെത്തിയതെന്ന് പെൺകുട്ടിയുടെ കുടുംബവും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.