തിരുവനന്തപുരം: ഒമ്പത് ജില്ലകളിലെ 17 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്നുമുതൽ ജൂലൈ നാലുവരെ പേര് ചേർക്കാനുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക ജൂലൈ 13ന് പ്രസിദ്ധീകരിക്കും.
പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്താനും അപേക്ഷകൾ http://www.lsgelection.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ ഫോറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് നൽകണം. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും പ്രസിദ്ധീകരിക്കും. കമീഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭ്യമാണ്.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുടെ തീരുമാനത്തിനെതിരെ അപ്പീൽ സമർപ്പിക്കാം. ഓരോ ജില്ലയിലും തദ്ദേശ വകുപ്പിലെ ജില്ല ജോയന്റ് ഡയറക്ടറാണ് അപ്പീൽ അധികാരി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുടെ ഉത്തരവ് തീയതി മുതൽ 15 ദിവസമാണ് അപ്പീൽ കാലയളവ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലായുള്ള 17 വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് . രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 15 പഞ്ചായത്ത് വാർഡുകളിലുമാണ് അംഗങ്ങളുടെ ആകസ്മിക ഒഴിവുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.